കോളേജ് കാലത്ത് 'സംഘി' ആയിരുന്നു; തിരിച്ചറിവുണ്ടായപ്പോള്‍ വിട്ടുനിന്നെന്ന് കണ്ണന്‍ ഗോപിനാഥന്‍

മോദി സര്‍ക്കാറിന്റെ പ്രധാന വിമര്‍ശകരിലൊരാളായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ ആര്‍എസ്എസ്സുകാരനായിരുന്നുവെന്നും സ്ഥിരമായി ശാഖയില്‍ പോയിരുന്നു എന്നുമാണ് ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശാഖയില്‍ പോയിരുന്നു. ആര്‍എസ്എസിന്റെ വേഷവിധാനങ്ങള്‍ ഉപയോഗിച്ച് റാലിക്കായി റാഞ്ചിയില്‍ പോയി. എന്നാല്‍ തിരിച്ചറിവ് വന്നതോടെയാണ് അതില്‍നിന്നും വിട്ടുപോന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്‍ ഗോപിനാഥന്റെ തുറന്നു പറച്ചില്‍

സര്‍വീസില്‍ നിന്നും ഏറെ നിരാശയോടെയാണ് രാജിവച്ചതെന്നും എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന കണ്ണന്‍ ഗോപിനാഥന്‍, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കവെ രണ്ടു തവണ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.