'ഒന്നുമറിയാതെ ആകാശത്തേക്ക് വെടിവെയ്ക്കുന്ന കമ്മിയോ, കൊങ്ങിയോ ഒന്നുമല്ല ഞാന്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷോണ്‍ ജോര്‍ജ്

പാലക്കാട് മലമ്പുഴയിലെ മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചതും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി.സി.ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്. ഒന്നുമറിയാതെ ആകാശത്തേക്ക് വെടിവെക്കുന്ന കമ്മിയോ, കൊങ്ങിയോ ഒന്നുമല്ല താനെന്നും കാര്യങ്ങള്‍ പഠിച്ച് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷോണ്‍ പറഞ്ഞു.

ഷോണിന്‍റെ കുറിപ്പ്..

ഞാന്‍ ഇന്ന് രാവിലെ ഇട്ട താഴെ കാണുന്ന പോസ്റ്റിന് കീഴെ വലിയ വിമര്‍ശനവുമായി വന്ന സഹോദരങ്ങള്‍ അറിയാന്‍…

ഒന്നുമറിയാതെ ആകാശത്തേക്ക് വെടിവെക്കുന്ന കമ്മിയോ, കൊങ്ങിയോ ഒന്നുമല്ല ഞാന്‍.. കാര്യങ്ങള്‍ പഠിച്ച് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ്. ഞാനിത് പറയാന്‍ കാരണം സമാനമായ സാഹചര്യം ഇന്ത്യയൊട്ടാകെ ഉണ്ടായപ്പോള്‍ ദുരന്തത്തെ നേരിടുവാന്‍ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന ദുരന്തനിവാരണ സേന രൂപികരിക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2012-ല്‍ നിവേദിത പി ഹരന്‍ ഐ.എ.എസ്. ദുരന്ത നിവാരണ അതോറിറ്റിയുടെ സെക്രട്ടറിയും ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയുമായിരുന്ന കാലത്താണ് ഇത്തരത്തിലൊരു സേന കേരളത്തില്‍ രൂപീകരിക്കുന്നതിന് പ്രൊപോസല്‍ നല്‍കിയത്.

ഞാന്‍ അന്ന് യുവജനക്ഷേമ ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എനിക്ക് നേരിട്ട് അറിവുള്ളതുമാണ്. അതിനുശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും 3.5 കോടി രൂപ ചെലവില്‍ മുന്നൂറോളം പോലീസ് സേനാംഗങ്ങളെ റാപ്പിഡ് ആക്ഷന്‍ റെസ്‌പോണ്‍സ് ടീം എന്ന നിലയില്‍ തെരഞ്ഞെടുക്കുകയും അവര്‍ക്ക് ട്രെയിനിങ് നല്‍കുകയും ചെയ്തു. 100 പേര്‍ എപ്പോഴും ഈ സേനയില്‍ ഉണ്ടാകണം എന്ന് പറഞ്ഞു കൊണ്ട് വീണ്ടും രണ്ടു കോടി രൂപ അവരുടെ ട്രെയിനിങിനായി അനുവദിച്ചെങ്കിലും ആ പണം കൈപ്പറ്റാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായില്ല.തുടര്‍ന്ന് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടന്നില്ല. കാലക്രമേണ നൂറ് എന്നുള്ളത് 50 ആയി, 25 ആയി,ആറായി ഇപ്പോള്‍ ട്രെയിനിങ് ലഭിച്ച 300 പേരടങ്ങുന്ന കേരളത്തില്‍ ഉണ്ടാകേണ്ട സംസ്ഥാന ദുരന്തനിവാരണ സേനയില്‍ ഇന്ന് ഒരാള്‍ പോലും ഇല്ല എന്നുള്ളതാണ് എന്റെ വിമര്‍ശനത്തിന്റെ അടിസ്ഥാനം.

ഇന്ന് ആ സേന ഉണ്ടായിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്‍ ഇത്രയേറെ മണിക്കൂര്‍ കുടിവെള്ളം പോലും കിട്ടാതെ അവിടെ കുടുങ്ങി കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു. അതിന് കാരണം സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും കഴിവുകേട് തന്നെയാണ്. ഇന്ന് സേനയെത്തി ബാബു എന്ന ചെറുപ്പക്കാരനെ രക്ഷിച്ചു, ഏറെ സന്തോഷം. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ അസഹിഷ്ണുതയോടെ കാണുകയല്ല ചെയ്യേണ്ടത് മറിച്ച് ഉള്‍ക്കൊള്ളുവാനും മനസ്സിലാക്കാനും തിരുത്തുവാനുമുള്ള ബോധം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉണ്ടാവണം. എന്റെ പ്രതികരണങ്ങള്‍ തുടരുക തന്നെ ചെയ്യും..

അഡ്വ ഷോണ്‍ ജോര്‍ജ്