കോവിഡ് ഇല്ല; പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് വീണാ ജോര്‍ജ്

തനിക്ക് കോവിഡ് ബാധിച്ചതായി മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പനിയുണ്ടായിരുന്നുവെന്നും രണ്ട് തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത്. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്.’

‘ഡെങ്കി’ യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. അനേകം പേര്‍ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി’ മന്ത്രി കുറിപ്പില്‍ പറഞ്ഞു.