കള്ളപ്പണ കേസിൽ ഹൈദരലി തങ്ങൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാൻ ഇടയില്ല. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ബുധനാഴ്ച ഇഡി ഉദ്യോഗസ്ഥർ തങ്ങൾക്ക് കോഴിക്കോട് എത്തി നോട്ടീസ് കൈമാറിയിരുന്നു. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി.എ അബ്ദുൾ ഷമീർ ഇഡി ഓഫീസിൽ ഹാജരായേക്കും. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ഇതിനു മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥർ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎ കെ.ടി ജലീൽ ഹൈദരലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷൻ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലീഗിനകത്തു തന്നെ വാദപ്രതിവാദങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത്.

Read more

അതേസമയം ചന്ദ്രിക പണമിടപാടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുയീൻ അലി തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കും.