ചെക്ക് കേസ്: നാസിലിന് എതിരെ കേസ് കൊടുക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.

യു.എ ഇയിലെ അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരെ ഉണ്ടായിരുന്ന ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്ത് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് നാസിലിനെതിരെ തുഷാര്‍ നിയമ നടപടിക്കൊരുങ്ങുന്നത്.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലിനെതിരെ നിയമ പോരാട്ടം നടത്താനാണ് നീക്കം. തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളികളായവരെ കൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരാനാണ് തുഷാറിന്റെ ശ്രമം.

ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തത്കാലം പരാതി കൊടുക്കുന്നതിനാല്‍ പേര് പറയുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി.