ലുങ്കി ഉടുത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചു; കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ പരാതി

ലുങ്കി ഉടുത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ പരാതി.  മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ കരീമാണ് പരാതി ഉന്നയിച്ചത്.

ലുങ്കിയുടുത്തു വന്ന തന്നെ തടഞ്ഞുവെയ്ക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കാനാ ണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ തീരുമാനം.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് ബീച്ചിലെ സ്വകാര്യ ഹോട്ടലിലെത്തിയ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ലുങ്കി ഉടുത്തതിന്റെ പേരില്‍ തടഞ്ഞുവെയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു.
പ്രതിഷേധിച്ചപ്പോള്‍ ലുങ്കി അനുവദനീയമല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ എഴുതി നല്‍കുകയായിരുന്നുവെന്ന് അബ്ദുള്‍ കരീം പരാതിയില്‍ പറയുന്നു.

എന്നാല്‍, ഹോട്ടലില്‍ മൂന്നു കൗണ്ടറുകളുണ്ടെന്നും ഇതില്‍ കുടുംബമായി എത്തുന്നവര്‍ക്കുളള കൗണ്ടറില്‍ മാത്രമാണ് ലുങ്കിക്ക് നിയന്ത്രണമെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു. മദ്യപിച്ചെത്തിയ കരീം മുണ്ടുരിയാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ലുങ്കിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.