വി.എസിന് ഒപ്പം നിന്നതിന്റെ ശത്രുത; പിണറായി വിജയനോട് പുച്ഛം മാത്രം: പി.സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്്. തനിക്കെതിരായ നടപടി മുഖ്യമന്ത്രിയുടെ രാഷ്ട്രീയക്കളിയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന് സ്റ്റാലിനിസ്റ്റ് മനോഭാവമാണ്. അദ്ദേഹത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

തന്നെ കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. വി എസിന് ഒപ്പം നിന്നത് കൊണ്ടാണ് പിണറായി വിജയന് തന്നോട് ശത്രുത. സത്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നു. ഇന്നലെ പൊലീസ് നല്‍കിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലുവിളിക്കുകയാണ്. താന്‍ മുങ്ങാന്‍ തീരുമാനിച്ചാല്‍ പിണറായിക്ക് പിടിക്കാന്‍ ആകില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്ന പിണറായി വിജയനോട് പുച്ഛം മാത്രമാണുള്ളത്. പൊതുപ്രവര്‍ത്തകന്റെ ജനാധിപത്യ ധര്‍മം മാത്രമാണ് താന്‍ നിര്‍വഹിച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത് വര്‍ഗീയ പ്രീണനമാണ്. അഭിമന്യുവിനെ കൊന്നവരുടെ തോളില്‍ കയ്യിട്ടാണ് പിണറായി തന്നെ വര്‍ഗീയ വാദിയെന്ന് വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിന് അനുമതി നല്‍കിയ പിണറായി ആണ് തന്നെ വിമര്‍ശിക്കുന്നത്. തൃക്കാക്കരയില്‍ ജാതി മതം നോക്കി ഇടത് നേതാക്കള്‍ വീട് കയറി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താന്‍ തൃക്കാക്കരയിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.