ജാതിരഹിത കേരളത്തിലെ ദുരഭിമാന ജാതിക്കൊലകള്‍

കെ എസ് കുമാര്‍

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നടക്കുന്ന ദുരഭിമാന കൊലകള്‍ കേരളത്തിന് വെളിയില്‍ നടക്കുന്ന സംഭവങ്ങളായാണ് നമ്മള്‍ വായിക്കാറുള്ളത്. കേരളം ജാതീയതയും മതഭേദവും മറികടന്ന ജാതിരഹിത മതേതര ഭൂമിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഉത്തരേന്ത്യയിലോ അയല്‍ സംസ്ഥാനങ്ങളിലോ ദുരഭിമാന കൊലകള്‍ Honour killing അഥവ ജാതിക്കൊലകള്‍ ധാരാളമായി നടക്കാറുണ്ട്. അപ്പോഴെല്ലാം പുരോഗമന കേരളം അത്ഭുതത്തോടെയും ഞെട്ടലോടെയുമാണ് അത് കാണാറുള്ളത്.

എന്നാല്‍ ഇതര സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തതിന് കോട്ടയത്ത് കെവിന്‍ എന്ന ദലിത് ക്രൈസ്തവ യുവാവിനെ കൊലപ്പെടുത്തിയത് ദുരഭിമാന കൊലയാണെന്ന് കോടതി തന്നെ അംഗീകരിച്ചതോടെ കേരളവും ജാതീയതയും മത ഭേദവും നിലനില്‍ക്കുന്ന പ്രദേശമാണെന്ന് തിരുത്തി വായിക്കേണ്ടിവരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ദുരഭിമാന കൊലകളും ജാതി മര്‍ദ്ദനങ്ങളും താരതമ്യേന കുറവാണെന്ന് പറയാമെങ്കിലും നമ്മുടെ പുരോഗമന മുഖംമൂടികള്‍ മാറ്റിയാല്‍ ജാതീയതയും വര്‍ഗീയതയും ദൃശ്യമാകും. ഒരു കൊലപാതകത്തില്‍ എത്തിയതുകൊണ്ട് നമ്മുടെ മുന്നില്‍ അതൊരു പ്രത്യക്ഷ ഉദാഹരണമായെന്ന് മാത്രം. കെവിന്റെ കൊലപാതകം വിചിത്രമായ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നുണ്ട്. മിശ്രവിവാഹമെന്ന ആദര്‍ശ വിവാഹം പോലും ജാതി സ്പര്‍ധ അവസാനിപ്പിക്കുന്നില്ല എന്നതാണത്.

കെവിന്‍ പ്രണയിച്ച നീനു ചാക്കോയുടെ പിതാവ് ചാക്കോ ക്രിസ്ത്യാനിയും മാതാവ് രഹന മുസ്ലിമും ആയിരുന്നു. എന്നാല്‍ മകളെ പ്രണയിച്ചത് ദലിത് യുവാവായപ്പോള്‍ മാതാപിതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും അഭിമാനത്തിന് മുറിവേറ്റു. കെവിന്‍ നീനുവിനെ വിവാഹം ചെയ്തതുവഴി നീനുവിന്റെ കുടുംബത്തിന് അപമാനം വന്നതിലെ വിരോധം മൂലമാണ് കൊലപാതകം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. രണ്ട് സമുദായങ്ങളില്‍ പെട്ട ചാക്കോയുടെയും രഹനയുടെയും ബന്ധുക്കള്‍ ഒരുമിച്ച് ചേര്‍ന്ന് കെവിനെ മര്‍ദ്ദിച്ച് പുഴയില്‍ മുക്കിക്കൊന്നു. കെവിന്‍ വധം ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലയാണെന്ന് കോടതി തന്നെ കണ്ടെത്തിയതോടെ കെവിന്‍ വധക്കേസ് കേരളത്തില്‍ അത്തരത്തില്‍ പെട്ട ആദ്യ കേസായി രെഖപ്പെടുത്തുന്നു. ജാതി ത്‌ന്നെയാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് നീനുവും മൊഴി നല്‍കിയിരുന്നു.

ജാതിയുടെ പേരിലുള്ള ദുരഭിമാനം കൊലപാതകമായി മാറിയതിന് മറ്റൊരു ഉദാഹരണം മലബാറില്‍ നിന്നായിരുന്നു. 2018 മാര്‍ച്ച് 22ന് ആതിരയെ അച്ഛന്‍ തന്നെ കൊലപ്പെടുത്തിയത് പുലയ സമുദായത്തില്‍ പെട്ട സൈനികനായ ബ്രിജേഷ് എന്ന യുവാവിനെ പ്രണയിച്ചതിനായിരുന്നു. പിന്നാക്ക വിഭാഗത്തില്‍ പെട്ട ഈഴവ സമുദായാംഗമായ രാജന് മകളെ കീഴ്ജാതിക്കാരനായ ഒരാള്‍ വിവാഹം ചെയ്യുന്നത് അപമാനമായി തോന്നി. അയാള്‍ ജാത്യഭിമാനം രക്ഷിക്കാന്‍ സ്വന്തം മകളെ കുത്തി കൊലപ്പെടുത്തി.

രണ്ട് കൊലപാതകങ്ങളിലും സമ്പത്തോ തൊഴിലോ ആയിരുന്നില്ല ജാതിയായിരുന്നു കൊലപാതകത്തിന് പ്രേരണയായത്. കെവിനും ബ്രിജേഷും കുടുംബം പോറ്റാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ ചെയ്യുന്നവരായിരുന്നു. നീനുവിന്റെയോ ആതിരയുടെയോ കുടുംബങ്ങള്‍ സവര്‍ണരോ സമ്പന്നരോ ആയിരുന്നില്ല. എന്നിട്ടും മക്കളെ വിവാഹം ചെയ്യുന്നവരുടെ കീഴ്ജാതി നില അവരുടെ കുടുംബങ്ങള്‍ക്ക് അപമാനകരമായി തോന്നി. സവര്‍ണരും അവര്‍ണ്ണരും തമ്മില്‍ മാത്രമുള്ളതല്ല ജാതീയ അന്തരമെന്ന് വ്യക്തമാക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും. ഡോ അംബേദകര്‍ ചൂണ്ടിക്കാണിച്ചതുപോലെ മുകളിലേക്ക് ഉല്‍കൃഷ്ഠതയും താഴേക്ക് അപകര്‍ഷതയും നിലനിര്‍ത്തുന്ന ശ്രേണീകൃത ബന്ധമാണ് ജാതി. കെവിനും ബ്രിജേഷും വ്യത്യസ്ത മത വിഭാഗങ്ങളില്‍ പെട്ടവരാണെങ്കിലും ദലിതരായിരുന്നു എന്നതും ശ്രദ്ധിക്കണം.

ഈ രണ്ട് സംഭവങ്ങളും ഒറ്റപ്പെട്ടതല്ല എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. കൊലപാതകത്തില്‍ എത്താതെ മര്‍ദ്ദനത്തിലും പൊലീസ് കേസുകളിലും അവസാനിക്കുന്ന നൂറ് കണക്കിന് ദുരഭിമാന സംഭവങ്ങള്‍ കേരളത്തിലുണ്ടാകാറുണ്ട്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും നിത്യേന നടക്കുന്ന ദുരഭിമാന വേട്ടകളില്‍ ജാതി പലപ്പോഴും അദൃശ്യവും ദൃശ്യവുമായ കാരണമാണ്. നമ്മുടെ പുരോഗമന മുഖംമൂടിക്കുള്ളില്‍ ജാതി മറച്ചുവെക്കപ്പെടുന്നു എന്ന് മാത്രം. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ദലിത് വിഭാഗക്കാരനായ ഐജി വിരമിച്ചപ്പോള്‍ ഓഫീസ് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കിയത് തലസ്ഥാനത്താണ്. വിപ്ലവകരമായ ഭൂപരിഷ്‌കരണത്തെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും ദലിതരും ആദിവാസികളും ജാതിക്കോളനികളില്‍ കഴിയുന്നതും കേരളത്തില്‍ തന്നെയാണ്.

കേരളത്തിലെ കുടുംബ ബന്ധങ്ങളെയും വിവാഹബന്ധങ്ങളെയും അരക്കിട്ടുറപ്പിക്കുന്നത് ജാതിയും മതവും തന്നെയാണ്. ജാതി എന്നത് പുരോഗമന കേരളത്തിലും സ്വാഭാവികമായ തെര!ഞ്ഞെടുപ്പാണ്. ജാതിഭേദമില്ല എന്ന് ആവര്‍ത്തിക്കുമ്പോഴും ജാതി കേരളത്തിലെ സാമൂഹിക ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും ഇപ്പോഴും പ്രബലമായ ഘടകമാണ്. സ്വജാതി വിവാഹങ്ങളിലൂടെയാണ് ജാതി ഒരു അലംഘനീയമായ വ്യവസ്ഥയായി നിലനില്‍ക്കുന്നത്. ഇത് ലംഘിക്കപ്പെടുമ്പോഴാണ് ജാതികള്‍ക്കകത്തും കുടുംബങ്ങളിലും ദുരഭിമാനം ഉയര്‍ന്നുവരുന്നതും കൊലപാതകവും സംഘര്‍ഷവുമായി മാറുന്നതും. ഉത്തരേന്ത്യയിലോ തമിഴ്‌നാട്ടിലോ മാത്രമല്ല കേരളത്തിലും വ്യാപകമല്ലെങ്കിലും ഇടക്കിടെ സംഭവിക്കാറുണ്ട്. നമ്മുടെ സാമൂഹിക ബന്ധങ്ങളിലും പൗരബോധത്തിലും ജാതിയും വംശവും മതവും ഇപ്പോഴും വിടവുകളായി നിലനില്‍ക്കുന്നുണ്ട്. രണ്ട് കൊലപാതകങ്ങളിലൂടെ കെവിനും ആതിരയും നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ആ യാഥാര്‍ത്ഥ്യമാണ്.