ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം; ഗവർണർക്ക് പരാതി

ഉന്നത വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തന്നെ തെറ്റ് തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീണ്ടും ഗവർണറുടെ മുമ്പാകെ  സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

മെയ്  20ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസർ.ആർ. ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്  ഡോക്ടർ. ആർ. ബിന്ദുവെന്ന് തിരുത്തിയതായി  അറിയിച്ചുകൊണ്ടാണ് ജൂൺ എട്ടിന് ചീഫ് സെക്രട്ടറി ഡോക്ടർ.വി. പി. ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രൊഫസർ. ആർ.ബിന്ദു വെന്ന പേരിലാണ് മന്ത്രി ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.  തൃശൂർ കേരളവർമ്മ കോളേജിലെ അധ്യാപികയായ ഡോ: ബിന്ദു  പ്രൊഫസറല്ലെന്നും ഇത് ആൾമാറാട്ടത്തിന്  തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും  ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സർക്കാർ തന്നെ തിരുത്തിയിരിക്കുന്ന  സാഹചര്യത്തിൽ തെറ്റ് തിരുത്തി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ മന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ പറയുന്നു.

Read more

സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിഞാപനത്തിന്റെ പകർപ്പും പരാതിയോടൊപ്പം ഗവർണർക്ക് നൽകിയിട്ടുണ്ട്. ദേവികുളം എം.എൽ.എയ്ക്ക് സത്യപ്രതിജ്ഞയിൽ തെറ്റ്‌പറ്റിയതിനെ തുടർന്ന്  പിഴ അടച്ചശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു, അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല എന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.