നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്ത് ദോഷമാണുണ്ടായതെന്ന് ഹൈക്കോടതി;’ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല’

Gambinos Ad
ript>

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടുമായി ഹൈക്കോടതി. ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷണ കമ്മീഷന്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിലപാട്. നേരത്തെ തുടരെ തുടരെ ശബരിമലയിലെ സര്‍ക്കാര്‍ -പൊലീസ് നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു. ഇത് ശബരിമലയിലെ ക്രമസമാധാന ദൌത്യത്തിന് സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

Gambinos Ad

നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്ത് ദോഷമാണ് ഉണ്ടായതെന്ന് കോടതി ചോദിച്ചു. ബിജെപിയും പ്രതിപക്ഷവും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പഴിചാരുമ്പാേഴാണ് കോടതി സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തത്.

ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച മാത്രം 80,000 പേര്‍ ദര്‍ശനത്തിനെത്തിയെന്നും നിരീക്ഷണ സമിതി അറിയിച്ച കാര്യം കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ഇത് വിലയിരുത്തിയ കോടതി ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് ചൂണ്ടിക്കാട്ടി.

ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ ശബരിമലയിലെ സര്‍ക്കാര്‍പ്രവര്‍ത്തനത്തിനെതിരെ ദിനേനയെന്നോണം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കോടതി ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മീഷനെ നിരീക്ഷണ ചുമതല ഏല്പിച്ചത്.  ശബരിമല സന്ദര്‍ശിച്ച ശേഷം എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് സമിതി കോടതിയെ അറിയിച്ചത്. നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണതൃപ്തിയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാരിന് വേണ്ടി എഡിഎം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അയ്യപ്പന്‍മാര്‍ക്കോ അവരുടെ വാഹനങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുന്നില്ലെന്നും അതിനാല്‍ തന്നെ നിരോധനാജ്ഞ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.