തര്‍ക്കമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനാനുമതി ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി; 'സെമിത്തേരികള്‍ ഇരുവിഭാഗത്തിനും ഉപയോഗിക്കാം; ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസ് ഇടപെടണം'

പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ സ്ഥിരമായി പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ആരാധന നടത്താനെത്തുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം. പിറവം പള്ളിയില്‍ സര്‍ക്കാരിന് മദ്ധ്യസ്ഥ ശ്രമം തുടരാമെന്ന് വ്യക്തമാക്കിയ കോടതി മരണാനന്തര കര്‍മ്മങ്ങള്‍ നടത്താന്‍ ഇരുവിഭാഗങ്ങള്‍ക്കും അനുമതി നല്‍കി.

കായംകുളം കട്ടച്ചിറ സെന്റെ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നീ പള്ളികളിളെ സംബന്ധിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്. തര്‍ക്കപള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വൈദികര്‍ക്ക് മാത്രമെ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കൂവെന്നും യാക്കോബായ വിഭാഗത്തിന് ആരാധനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പള്ളികളിലെ സെമിത്തേരികള്‍ ഇരുവിഭാഗത്തിനും ഉപയോഗിക്കാം. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read more

സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശപ്പെട്ടു. കോടതി ഉത്തരവനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാനെത്തിയ തങ്ങളെ യാക്കോബായ വിഭാഗം തടഞ്ഞെന്നും പള്ളിയില്‍ സുരക്ഷിതമായി പ്രവേശിച്ച് ആരാധന നടത്താന്‍ പൊലീസ് സുരക്ഷ വേണമെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി.