‘സുപ്രീം കോടതിയില്‍ പോയ മുന്‍ കേന്ദ്രമന്ത്രി അടക്കം അറസ്റ്റിലായി, എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്’- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Advertisement

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലും പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ‘മുന്‍കൂര്‍ ജാമ്യം തേടി സുപ്രിം കോടതിയില്‍ പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?’ കോടതി ചോദിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അമറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.

സമാനമായ സംഭവം ചെയ്തത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെങ്കില്‍ പൊലീസിന് ഈ സമീപനം തന്നെ ആയിരിക്കുമോയെന്നും ഹൈക്കോടതി ചോദിച്ചു. കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികതയല്ല കണക്കിലെടുക്കേണ്ടതെന്ന് കോടതി പൊലീസിനോട് പറഞ്ഞു.

അമറിനെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണെന്നും കോടതി പറഞ്ഞു. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു. സമൂഹത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഉന്നതബന്ധങ്ങള്‍ ഉള്ളവര്‍ക്കു ചോദ്യപേപ്പറും ഉത്തരവും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന അവസ്ഥയാണെന്നും കോടതി വിമര്‍ശിച്ചു.