‘സര്‍ക്കാര്‍ ഓഹരി 35 ശതമാനം മാത്രം, വിമാനത്താവളം സ്വകാര്യമേഖലയിലെന്ന് കിയാല്‍’; സി.എ.ജി ഓഡിറ്റിംഗിന് ഹൈക്കോടതി സ്‌റ്റേ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റിംഗിന് ഹൈക്കോടതിയുടെ സ്റ്റേ. സിഎജി ഓഡിറ്റിംഗ് വേണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ കിയാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ഹൈക്കോടതിയുടെ നടപടി. വിമാനത്താവളം സ്വകാര്യമേഖലയിലാണെന്നും സര്‍ക്കാരിന് 35 ശതമാനം ഓഹരി മാത്രമേ ഉള്ളെന്നുമാണ്  കിയാലിന്‍റെ വാദം.

അതേസമയം സിഎജി ഓഡിറ്റിംഗ് ഇല്ലെങ്കില്‍ നടപടിയെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സർക്കാരിന്‍റെ വാദം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സ്വകാര്യ കമ്പനിയാണെന്ന വാദമുയർത്തി സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കണ്ണൂർ വിമാനത്താവള കമ്പനിയെയും സർക്കാരിനെയും അറിയിച്ചിരുന്നു. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കിയാൽ , കൊച്ചിവിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ ആവില്ലെന്നുമായിരുന്നു സർക്കാർ വാദം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിരുന്നു. 2016-ൽ ഇടത് സർക്കാർ അധികാരത്തിലെത്തും വരെ സിഎജിയാണ് കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഡിറ്റ് നടത്തിയിരുന്നത്. ഓഡിറ്റർമാരെ കിയാൽ അധികൃതർ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പല തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഡൽഹിയിൽ സിഎജി ഇക്കാര്യം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടർച്ചയായി തടസ്സപ്പെടുത്തുന്നുവെന്ന് സിഎജി  അറിയിച്ചതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പു നൽകി.