എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത്; 23 വരെ അറസ്റ്റ് തടഞ്ഞു, കസ്റ്റംസിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. എതിർവാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.

വെള്ളിയാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്യാൻ ആണ് ശ്രമിച്ചതെന്ന് എം ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു . എൻഫോഴ്സ്മെൻറ് കേസിലും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് എം ശിവശങ്കർ ഹൈക്കോടതിയെ അറിയിച്ചു.