കുട്ടികളുടെ സംരക്ഷണാവകാശം നേടിയെടുക്കാന്‍ പിതാവിന് എതിരെ ലൈംഗിക ചൂഷണ വ്യാജ പരാതികള്‍ വര്‍ദ്ധിക്കുന്നു; സൂക്ഷ്മമായി വിലയിരുത്തണമെന്ന് ഹൈക്കോടതി

കുട്ടിയുടെ സംരക്ഷണാവകാശം ലഭിക്കാനായി പിതാവിനെതിരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് കള്ളപ്പരാതി നല്‍കുന്ന പ്രവണത കൂടിവരുന്നെന്ന് ഹൈക്കോടതി . ഇത്തരം പരാതികളില്‍ പോക്സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും സൂക്ഷ്മമായി വിലയിരുത്തണമെന്ന് ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശം നല്‍കി.

മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരെ ഭാര്യയുടെ വീട്ടുകാര്‍ നല്‍കിയ പോക്സോ നിയമപ്രകാരമുള്ള അപ്പീല്‍ തള്ളിയ ശേഷമാണ് ഹൈക്കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്. അപ്പീല്‍ തള്ളിയ ജസ്റ്റിസ് കെ ഹരിലാലും ജസ്റ്റിസ് ടിവി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ദേശം.

നാലുകൊല്ലം മുമ്പ് കുടുംബകോടതിയില്‍ സംരക്ഷണാവകാശ തര്‍ക്കത്തിന് ഹര്‍ജി വന്നപ്പോള്‍ കുഞ്ഞിന് രണ്ടുവയസായിരുന്നു. കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതിക്ക് തെളിവ് ഹാജരാക്കാന്‍ അമ്മവീട്ടുകാര്‍ക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ആക്ഷേപം തെളിയിക്കുന്ന രേഖകള്‍ കുടുംബകോടതിക്കു മുന്നിലുമുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.