സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴ ചൊവ്വാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാസറഗോഡ്  കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.അഗ്‌നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വയോധികരടക്കമുള്ളവരെ വീടുകളില്‍ നിന്നും മാറ്റിയത്. പനങ്കാവില്‍ പുഴ വഴി മാറി ഒഴുകി. ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട് , അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്.കുമ്പളയില്‍ ബംബ്ലാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലം തകര്‍ന്നു. കുമ്പളയില്‍ നിന്നും കൊടിയമ്മയിലേക്കുള്ള റോഡാണ് ഇത്. ഈ റോഡിലൂടെ സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ സ്ഥിരമായി പോകിന്നതാണ്. ജൂണ്‍ 25 വരെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.കരിന്തളത്ത് പെരിങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി.

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കാസറഗോഡിന് പുറമെ ഇടുക്കി ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇവിടെയും അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. മഴക്കെടുതി നേരിടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ പെയ്യുന്നത്. പമ്പ നദിയിലും കക്കാട്ട് ആറിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോട്ടയം മുണ്ടക്കയത്ത് വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആല്‍മരം മറിഞ്ഞ് വീണ് വൃദ്ധയ്ക്ക് പരിക്കേറ്റു. വീട് പൂര്‍ണമായും തകര്‍ന്നു. പാറയ്ക്കല്‍ സുകുമാരന്റെ ഭാര്യ സരോജിനി(75)യ്ക്കാണ് പരിക്കേറ്റത്. ഇവരുടെ വീടിന് മുകളിലേക്കാണ് 100 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ആല്‍മരം കടപുഴകി വീണത്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 23നും കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 24നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു