കവളപ്പാറയില്‍ കനത്ത മഴ; മണ്ണ് ഇടിഞ്ഞുവീഴാന്‍ സാദ്ധ്യത, രക്ഷാപ്രവര്‍ത്തകരെ ഒഴിപ്പിച്ചു

കവളപ്പാറയിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ. മണ്ണിനകത്ത് അകപ്പെട്ടു പോയവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തത്കാലം നിര്‍ത്തിവെയ്ക്കാതെ തരമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കനത്ത മഴയില്‍ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുള്‍പ്പൊട്ടല്‍ പ്രദേശത്ത് ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തു നിന്നും ഒഴിപ്പിച്ചിരിക്കുകയാണ്.

മഴയെ അവഗണിച്ചും എട്ടു മണിക്ക് തെരച്ചില്‍ തുടങ്ങി ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അതിനു ശേഷവും നിര്‍ത്താതെ മഴ പെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം തത്കാലത്തേക്ക് അവസാനിപ്പിച്ചത്. മുപ്പത്തഞ്ച് പേരെ ഇനിയും പ്രദേശത്തു നിന്ന് കണ്ടെത്താനുണ്ട്. മണ്ണിനകത്തായവരെ കണ്ടെത്താന്‍ സോണാര്‍ മാപ്പിംഗ് അടക്കം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കവളപ്പാറയിലെ പ്രത്യേക പരിതസ്ഥിതിയില്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനും പദ്ധതിയുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ ഒഴികെ മറ്റാരേയും കവളപ്പാറയിലേക്ക് കടത്തി വിടേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ പൊലീസ്. കവളപ്പാറയ്ക്ക് ഒന്നര കിലോമീറ്റര്‍ അകലെ വെച്ച് എല്ലാവരെയും തടയുന്നുണ്ട്. ദുരന്തം കാണാനെത്തുന്നവരുടെ അനിയന്ത്രിതമായ തിരക്ക് ആംബുലന്‍സിന്റെ പോലും വഴി മുടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചിരുന്നു. ഇതോടെയാണ് ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെട്ടത്.