ആഗസ്റ്റ് 14 വരെ കനത്ത മഴയെന്ന് ഐ എം ഡി, ഇന്ന് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് മഞ്ഞള്ളൂരിലും നായരമ്പലത്തും

അടുത്ത നാലു ദിവസം കൂടി കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ [ ഇന്ത്യൻ മിറ്റീരിയോളജികൽ ഡിപ്പാർട്മെന്റ് ] പ്രവചനം. ആഗസ്റ്റ് 14 വരെ കേരളം അടക്കമുള്ള മേഖലകളിൽ ശക്തമായ മഴ തുടരുമെന്നാണ് ഇന്ന് രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. ചിലയിടങ്ങളിൽ ഇത് അതിശക്തമായ മഴയായി മാറാമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാലു ദിവസവും കാറ്റിന്റെ വേഗത 40 മുതൽ 50 കിലോമീറ്റർ വരെയാകുമെന്നും വ്യക്തമാക്കുന്നുണ്ട്. ഒഡിഷയുടെ ചില മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയും ഐ എം ഡി പ്രതീക്ഷിക്കുന്നു.

ഇന്ന് രാവിലെ മുതൽ കേരളത്തിൽ പരക്കെ മഴ പെയ്യുന്നുണ്ട്. കാലാവസ്ഥ പ്രവചന സ്ഥാപനമായ സ്കൈമെറ്റിന്റെ കണക്ക് പ്രകാരം ഇന്ന് രാവിലെ 8 മണി വരെ ഏറ്റവും കൂടുതൽ മഴ പെയ്തത് മഞ്ഞള്ളൂരിലും നായരമ്പലത്തുമാണ്, 81 മില്ലിമീറ്റർ മഴ ഈ സ്ഥലങ്ങളിൽ രേഖപ്പെടുത്തി. 73 .13 മില്ലിമീറ്റർ മഴ പെയ്ത പട്ടാമ്പിയാണ് രണ്ടാം സ്ഥാനത്ത്. പാലയാണ് മൂന്നാം സ്ഥാനത്ത് 71 .11 മില്ലിമീറ്റർ.

ഇന്ത്യൻ ഉപഭൂഖണ്ടത്തിനു മേൽ മഴമേഘങ്ങളുടെ സാന്നിധ്യം ശക്തമാണെന്ന് സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ ഉത്കടലിലും അറബി കടലിലും ഒരു പോലെ മേഘങ്ങൾ രൂപം കൊള്ളുന്നുവെന്നതാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. അതിനാൽ രാജ്യത്തിൻറെ മിക്കവാറും മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇവരുടെ റിപ്പോർട്ട്. കാസർഗോഡ് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ അടുത്ത 10 മണിക്കൂർ മഴ തുടരുമെന്നാണ് വെതർ മാൻ റിപ്പോർട്ട്.