ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്തേക്കും, അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശമില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും. കേരളതീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി.വരെയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കിയിൽ മഴ തുടരുന്നു. മലയോര മേഖലകളിലാണ് മഴ ശക്തം. കല്ലാർകുട്ടി, പാമ്പ അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ വീതം തുറന്നു. മഴ തുടർന്നാൽ ദുരിത ബാധിത മേഖലകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ലയിൽ അടുത്ത രണ്ടാഴ്ച അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ്,കൺട്രോൾ റൂം തുറന്നത്.

ജലനിരപ്പ് ഉയർന്നതോടെ മംഗലം ഡാമിന്‍റെയും കാഞ്ഞിരപ്പുഴ ഡാമിന്‍റെയും മൂന്ന് ഷട്ടറുകൾ വീതം ഉയർത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യത സ്ഥലങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.