സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ട്, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിർദേശം

Advertisement

സംസ്ഥാനത്ത് ഈ മാസം 22 വരെ  അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് അറിയിപ്പ്.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനം മൂലം വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെയും മറ്റന്നാളും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ‌

‌‌ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇടക്കിടെയുണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍ മൂലം പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 20 സെന്‍റീമീറ്റര്‍ മഴയുണ്ടായി. 5 സെന്‍റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്. വരുംദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി.