സംസ്ഥാനത്ത് ഇന്ന് വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തിപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വടക്കന്‍ കര്‍ണാടക മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും (trough) അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകാനുള്ള സാധ്യത വര്‍ധിപ്പിച്ചത്. മത്സ്യതൊഴിലാളികള്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ 21ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.

കേരള – കര്‍ണാടക തീരങ്ങളില്‍ 18-06-2022 മുതല്‍ 21-06-2022 വരെയും, ലക്ഷദ്വീപ് തീരത്ത് 17-06-2022 മുതല്‍ 21-06-2022 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രസ്തുത ദിവസങ്ങളില്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.