കേരളം ചുട്ടുപൊള്ളുന്നു; വരും ദിവസങ്ങളില്‍ ചൂട് നാല് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ള ജില്ലകള്‍

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് ശരാശരിയിലും നാല് ഡിഗ്രിവരെ കൂടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിട്ടില്ല.

ഈ വരുന്ന 23-24 തീയ്യതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയരാം എന്നാണ് മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 25-26 തീയ്യതികളില്‍ മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി ചൂട് ഉയരാം. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങലില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് വര്‍ധിക്കാം. മാര്‍ച്ചിലെ ശരാശരിയില്‍നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രിവരെ ചൂട് കൂടുതലാണ്.