പൂന്തുറയിൽ സ്ഥിതി അതീവ ​ഗൗരവം; അഞ്ച് ദിവസത്തിനിടെ 234 പേർക്ക് കോവിഡ്, പ്രതിഷേധം ഭയപ്പെടുത്തുന്നെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയിലെ സ്ഥിതി അതീവ ​ഗൗരവമാണെന്നും പ്രദേശത്ത് നടന്ന പ്രതിഷേധം ഭയപ്പെടുത്തുന്നെന്നും ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങൾ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം

ജൂലൈ ആറ് മുതൽ നടന്ന പരിശോധനയിൽ 243 പേര് പോസിറ്റീവായി. പ്രായം ചെന്ന 5000-ൽ അധികം പേർ പ്രദേശത്ത് ഉണ്ട്. അതിൽ തന്നെ 70 വയസ്സിന് മുകളിൽ ഉള്ള 2000-ൽ അധികം പേരുണ്ടെന്നും ആരോഗ്യ മന്ത്രി പറ‍ഞ്ഞു.

സൗകര്യങ്ങളെല്ലാം പൂന്തുറയിൽ ഒരുക്കുന്നുണ്ട്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാൻ നടപടികളെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളെ കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരത്തെ പൂന്തുറ, മണക്കാട് എന്നിവിടങ്ങളിലെ സൂപ്പർ സ്‌പ്രെഡ് ജാഗ്രതയോടെ കാണേണ്ടതാണ്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രോഗപ്പകർച്ചയും മരണനിരക്കും കുറയ്ക്കാൻ നാലഞ്ചുമാസമായി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഭഗീരഥ പ്രയത്‌നത്തിലാണെന്ന് മന്ത്രി പറഞ്ഞു.