വിദ്വേഷ പ്രസംഗ കേസ്; ഹര്‍ജി പരിഗണിക്കുന്നത് 26-ലേക്ക് മാറ്റി, പി.സി ജോര്‍ജിന്റെ പ്രസംഗങ്ങള്‍ നേരിട്ട് കാണുമെന്ന് കോടതി

പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് വേണ്ടി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. മുസ്ലിം വിഭാഗത്തെ പിസി ജോര്‍ജ് അപകീര്‍ത്തിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമ സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മതങ്ങളിലെ ദുരാചാരം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് പിസി ജോര്‍ജ് കോടതിയെ അറിയിച്ചു. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റം അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയത്. പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.

കേസിന് ആധാരമായ തിരുവനന്തപുരത്തെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിവാദ പ്രസംഗങ്ങള്‍ നേരിട്ട് കാണുമെന്ന് കോടതി അറിയിച്ചു. കോടതി മുറിയില്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സൈബര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12മണിക്ക് സൗകര്യം ഒരുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.