മലപ്പുറത്തിന് എതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിക്ക് എതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.ഐ.ഒ

ആന പടക്കം കടിച്ചു ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരെ വംശീയ വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവും മുന്‍ എം.പിയുമായ മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ. പരാതി നൽകി. എസ്.ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളിയാണ് മനേക ഗാന്ധിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത് എന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്ന് തുടങ്ങിയ വംശീയ വിദ്വേഷ പ്രചാരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. ഇതിനെതിരെ, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കൊണ്ടും മതസ്പര്‍ദ്ധ വളര്‍ത്തുകയും പ്രാദേശികമായ വിഭാഗീയതക്ക് ശ്രമിക്കുകയും ചെയ്ത മനേക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായി കണ്ട് നിയമ നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.