ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ പ്രത്യേക സെല്‍ രൂപികരിക്കുന്നു

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വെച്ചിരിക്കുന്നതും ക്രയവിക്രയം നടത്തിയതമായ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിനുളള നിയമവ്യവഹാരത്തിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി റവന്യുവകുപ്പില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ സിവില് കേസ് ഫയല്‍ ചെയ്യാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രത്യേക സെല്‍ രൂപീകരിക്കുന്നത്. പ്രത്യേക സെല്‍ രൂപീകരിക്കാനുളള നിര്‍ദ്ദേശത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

സിവില്‍ കേസ് ഫയല്‍ ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി അഞ്ച് മാസം പിന്നിട്ടിട്ടും ഒരു ജില്ലയിലും കേസ് ഫയല്‍ ചെയ്യുന്നതിനുളള നടപടികള്‍ ആയിട്ടില്ല.നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവളളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന കോട്ടയം ജില്ലയും ഇതില്‍ ഉള്‍പ്പെടുന്നു.ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ബാബുവിനെ ഇക്കാര്യം പലതവണ ഓര്‍മ്മിപ്പിച്ചിട്ടും നീക്കത്തിന് വേഗതയില്ലെന്നാണ് റവന്യുവകുപ്പിന്റെ പരാതി.

ഹാരിസണ്‍ കമ്പനിയുമായുളള നിയമവ്യവഹാരത്തോട് മുഖ്യമന്ത്രിയ്ക്കും സി.പി.എം നേതൃത്വത്തിനും വലിയ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കളക്ടര്‍മാരുടെ മെല്ലെപ്പോക്കിന് കാരണമെന്ന് സംശയമുണ്ട്. കോട്ടയം കളക്ടറായ പി.കെ സുധീര്‍ബാബു ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയാണ്.

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്നതും വില്‍പ്പന നടത്തിയതുമായ 76000 ഏക്കറില്‍ അധികം ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനാണ് സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഹാരിസണ്‍ തോട്ടങ്ങള്‍ തോട്ടങ്ങള്‍ ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസറുടെ നടപടി റദ്ദാക്കിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സിവില്‍ കേസ് നല്‍കാമെന്ന് വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇത് അനുസരിച്ചാണ് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

രേഖകള്‍ സമാഹരിച്ച് ബന്ധപ്പെട്ട കോടതികളില്‍ കേസ് നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് ജൂണ്‍ ആറിന് ഉത്തരവുമിറക്കി. കേസ് ഫയല്‍ ചെയ്യാന്‍ സത്വര നടപടികള്‍ സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവിലൂടെ കളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ റവന്യുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിക്കാന്‍ രണ്ടുതവണ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. അപ്രതീക്ഷിതമായ കാലവര്‍ഷക്കെടുതിയും ഉപതിരഞ്ഞെടുപ്പും മൂലമാണ് ഉന്നതതല യോഗം നടക്കാതെ പോയതെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.