'മനുഷ്യന് അടിസ്ഥാനവരുമാനം അവകാശമാക്കുന്ന വലിയ ചുവടുവെയ്പ്പ്, രാഹുല്‍ നിങ്ങളിന്ന് പ്രതീക്ഷ നല്‍കുന്നു';പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 72000 രൂപ ഉറപ്പു വരുത്തുന്ന പ്രഖ്യാപനം ചരിത്രമെന്ന് ഹരീഷ് വാസുദേവന്‍

രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 72000 രൂപയെങ്കിലും ചുരുങ്ങിയത് ഉറപ്പു വരുത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ ഒട്ടും അതിശയോക്തിയില്ലെന്നും വിവരവകാശവും തൊഴിലുറപ്പും നടപ്പാക്കിയ കോണ്‍ഗ്രസിന് ഇതും നടപ്പാക്കാനാവുമെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് 20 കോടി ജനങ്ങള്‍ക്ക് ചുരുങ്ങിയ ജീവനോപാധി ഉറപ്പു വരുത്തുന്ന പ്രഖ്യാപനത്തിന് ഹരീഷിന്റെ കൈയടി. പകുതി പോലും നടപ്പാക്കപ്പെട്ടില്ലെങ്കില്‍ പോലും മനുഷ്യന്റെ അടിസ്ഥാനവരുമാനം ഒരു അവകാശമാക്കുന്നതില്‍ വലിയ ചുവടുവെയ്പ്പാണിതെന്നും രാഹുല്‍ നിങ്ങളിന്ന് പ്രതീക്ഷ നല്‍കിയെന്നും ഹരീഷ് കുറിയ്ക്കുന്നു.

ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ കാണണം?

ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിർമാർജന സ്‌കീം രാഹുൽഗാന്ധി പ്രഖ്യാപിച്ചപ്പോൾ ചിലർ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്രമോദി ഓരോ പൗരനും 15 ലക്ഷം തരാമെന്ന് പറഞ്ഞതു പോലെയാകില്ലേ?

ഞാനതിനെ വിശാല, രാഷ്ട്രീയ, ഭരണഘടനാ അർത്ഥത്തിലാണ് കാണുന്നത്. പോയിന്റുകൾ വ്യക്തമാക്കാം.

1.ജീവനോപാധി ഒരാളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണോ? ആണെന്ന് പറഞ്ഞാൽ ഓരോ പൗരനും അതുറപ്പാക്കാനുള്ള ബാധ്യത State നു വരും. അതിനാലാവണം, അല്ല എന്നാണ് 1960 ൽ സുപ്രീംകോടതി വിധിച്ചത് (AIR 1960 SC 932). എന്നാൽ 1976 സോഷ്യലിസം എന്ന വാക്ക് ഭരണഘടനയിൽ ഉൾച്ചേർത്തതോടെ ജുഡീഷ്യറിയുടെയും ചിന്തകൾക്ക് മാറ്റം വന്നു. ഒരാളുടെ ഏക ജീവനോപാധി ഇല്ലാതാക്കുന്നത് വഴി അയാളുടെ ജീവിക്കുവാനുള്ള അവകാശം ഇല്ലാതാക്കാമെന്നതിനാൽ ജീവനോപാധിക്കുള്ള അവകാശം ജീവിക്കുവാനുള്ള അവകാശത്തിൽ അന്തര്ലീനമാണെന്നു കാണേണ്ടി വരുമെന്ന് 1986 ലെ ഓൾഗ്ഗ ടെല്ലിസും ബോംബെ മുനിസിപ്പൽ കോർപ്പറേഷനും തമ്മിലുള്ള കേസിൽ (AIR 1986 SC 180) സുപ്രീംകോടതി മാറ്റി പറഞ്ഞു. അതായത്, ജീവനോപാധി ഇന്ന് ആർട്ടിക്കിൾ 21 ന്റെ ഭാഗമായി കാണേണ്ടിവരും.

2.ഒരു അവകാശം ഭരണഘടനാ അവകാശമായി (constitutional right) അംഗീകരിക്കപ്പെട്ടു ആണ്ടുകൾ കഴിഞ്ഞാലും അത് നിയമപരമായ അവകാശമായി (statutory right) അംഗീകരിക്കപ്പെടാറില്ല എന്നതാണ് ഇന്ത്യയുടെ ദയനീയ സ്ഥിതി.

ഉദാ: സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശമാണ് എന്ന വിധി ഉണ്ടായിട്ടും പതിറ്റാണ്ടുകൾ കഴിഞ്ഞാണ് വിവരാവകാശ നിയമം 2005 കൊണ്ടുവരികയും പൗരൻ ചോദിക്കുന്ന വിവരം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തത്, അതൊരു statutory right (implementable) ആയി മാറിയത്.

മായം ചേർക്കാത്ത ഭക്ഷണം കിട്ടാനുള്ള അവകാശം പൗരന്റെ ജീവിക്കുവാനുള്ള അവകാശമായി അംഗീകരിക്കപ്പെട്ടു എത്രവർഷം കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ നിയമം 2006 നിലവിൽ വന്നതും, വിപണിയിലെ എല്ലാ ഭക്ഷണവും മായംചേർക്കാത്തതാണെന്നു ഉറപ്പു വരുത്താനുള്ള ബാധ്യത സർക്കാരിന്റേത് ആയതും. ഇങ്ങനെ ഓരോ ഭരണഘടനാ അവകാശം നിയമാവകാശമാക്കി മാറ്റുമ്പോൾ മാത്രമേ പൗരന്മാരുടെ ജീവിത ഗുണനിലവാരം വര്ധിക്കുന്നുള്ളൂ.

Right to Privacy ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നു സുപ്രീംകോടതിയുടെ 9 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ടെന്നു കരുതി ആ വിധിയുടെ കോപ്പിയുമായി നിങ്ങളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവനെതിരെ സർക്കാരിനെ / പോലീസിനെ സമീപിച്ചാൽ അവർ കൈമലർത്തും. പ്രൈവസി സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമമൊന്നും തൽക്കാലം വന്നിട്ടില്ല. അതിപ്പോഴുമൊരു Constitutional Right ആണ്. Statutory Right ആയിട്ടില്ല. എട്ടിലെ പശു പുല്ല് തിന്നില്ല.

Minimum income / ജീവനോപാധി ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കും എന്നതാണ് രാഹുലിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന്റെ കാതൽ. അതൊരു അവകാശമായി പ്രായോഗികമായി അംഗീകരിക്കപ്പെടാൻ പോകുന്നു. ഇത്തവണ നടന്നാലുമില്ലെങ്കിലും, 75% പേർ ദരിദ്രരായി തുടരുന്ന രാജ്യത്ത് അതൊരു വലിയ വിപ്ലവകരമായ ആശയും പ്രതീക്ഷയുമാണ്. വലിയ തോതിൽ അത് ഇന്ത്യൻ ജനാധിപത്യത്തെ മുന്നോട്ട് നയിക്കും.

3.NREGA എന്ന ആശയം 2005 നു മുൻപ് കോണ്ഗ്രസിന്റെ പ്രകടന പത്രികയിൽ കൊണ്ടുവരുമ്പോൾ ആളുകൾ അമ്പരന്നിട്ടുണ്ട്. ഗ്രാമീണ ഭാരതത്തിലെ പാവപ്പെട്ടവർക്ക് വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിൽ-കൂലി ഉറപ്പാക്കുന്നതിനു സർക്കാർ പതിനായിരക്കണക്കിന് രൂപ ചെലവിട്ട് പുതിയൊരു പദ്ധതി കൊണ്ടുവരിക എന്നത് നടക്കാത്ത കാര്യമായി പലരും കരുതി. എന്നാൽ, 2005 ൽ അത് നിയമമായി. ഇന്ന് എന്റെയും നിങ്ങളുടെയും പറമ്പിൽ വന്നു കൃഷിപ്പണി ചെയ്യുന്നവർക്ക് വരെ സർക്കാർ കൂലികൊടുക്കുന്ന, അതുവഴി ഇന്ത്യയിലെ ലക്ഷക്കണക്കിന് ദരിദ്രർക്ക് ജീവനോപാധി ഉണ്ടാക്കുന്ന, പ്രതിവർഷം 60,000 കോടി രൂപ ചെലവാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് NREGA. ഇന്ത്യ തിളങ്ങുന്നുവെന്ന വാജ്‌പേയ് സർക്കാരിന്റെ വ്യാജക്യാംപെയ്‌ൻ പൊളിഞ്ഞതും കർഷക ആത്മഹത്യയെപ്പറ്റിയുള്ള സായിനാഥിന്റെ തുടർലേഖനങ്ങളും മറ്റുമാണ് പിന്നീട് NREGA ലേക്ക് വഴിവെച്ചത്. ഇന്നതിൽ ആർക്കും അത്ഭുതമില്ല.

4. ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും മിനിമം വാർഷിക വരുമാനം 1,44,000 രൂപ ആക്കുമെന്നാണ് പ്രഖ്യാപനം. ഏറ്റവും ദരിദ്രരായ 5 കോടി കുടുംബങ്ങൾക്ക് ഓരോ വർഷവും 1,44,000 രൂപവെച്ചു സർക്കാർ കൊടുക്കുമെന്നല്ല രാഹുൽ പറഞ്ഞത്. വാർഷിക വരുമാനം 1,44,000 രൂപ ഉറപ്പ് വരുത്തുമെന്നാണ്. എന്നുവെച്ചാൽ ഇപ്പോൾ പ്രതിമാസം 6000 രൂപ കിട്ടുന്നവർക്ക് 6000 രൂപ കൂടി പ്രതിമാസം കൊടുക്കണം, 10,000 കിട്ടുന്നവർക്ക് 2000 കൊടുത്താൽ മതിയാകും. മുഴുവൻ പേർക്കും 72,000 വെച്ചു കൊടുത്താൽ 3.6 ലക്ഷം കോടി രൂപ വരും !!

ഇന്ത്യയിലെ Corporate Social Responsibility ഇനത്തിൽ മൊത്തം വരേണ്ട തുക പോലും ഇത്ര വരില്ല. ഇത് കണ്ടെത്തുക വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ CSR ഉൾപ്പെടെ പൂൾ ചെയ്താൽ, കോർപ്പറേറ്റ് സബ്‌സിഡികൾ വെട്ടിക്കുറച്ചാൽ, സൂപ്പർ ലക്ഷ്വറി ടാക്സുകൾ കൊണ്ടുവന്നാൽ, ജയറാം രമേഷിനെപ്പോലുള്ള വിഷണറികൾ ഉള്ളപ്പോൾ ഇതിന്റെ പകുതിയെങ്കിലും തുക ഉടൻ കണ്ടെത്തുന്നത് ഒരു വലിയ പ്രശ്നമാകുമെന്നു തോന്നുന്നില്ല.

5.ആകെ ജനസംഖ്യയുടെ 50% ലധികം ദരിദ്രരാണെന്നും അതിദരിദ്രർ പ്രതിദിനം 33 രൂപമാത്രം വരുമാനമുള്ളവരാണ് എന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകൾ നമുക്ക് മുന്നിലുണ്ട്.(SA Ajimsന്റെ പോസ്റ്റിനോട് കടപ്പാട്). ആ ജനതയ്ക്ക് പ്രതിമാസം 6000 രൂപയെങ്കിലും ഉറപ്പാക്കാനായാൽ ദാരിദ്രത്തിനെതിരെ മാനവരാശി നേടുന്ന വലിയൊരു വിജയമായിരിക്കും അത്. കള്ളപ്പണത്തിന്റെ സോഴ്സ് സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ആധികാരിക പഠനങ്ങൾ പോലും നോക്കാതെ, RBI യുടെ പോലും എതിർപ്പ് മറികടന്നു മോഡി നോട്ടുനിരോധനം നടപ്പാക്കിയത് പോലെയോ, 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നു ബഡായി പറഞ്ഞതുപോലെയോ ആണെന്ന് ഞാൻ കരുതുന്നില്ല. 2000 രൂപ വീതം ആളുകളുടെ അക്കൗണ്ടിൽ ഒറ്റത്തവണ നൽകുന്നത് പോലെയല്ല, ഒരു രാജ്യം അവിടുള്ള ദരിദ്രർക്ക് മാന്യമായ മിനിമം വരുമാനം സർക്കാരിന്റെ നിയമപരമായ ബാധ്യതയാക്കും എന്ന വാഗ്ദാനം. അതിൽ “സോഷ്യലിസം” എന്ന നെഹ്രുവിന്റെ വലിയ രാഷ്ട്രീയമുണ്ട്. വിപ്ലവമുണ്ട്.

വിവരാവകാശ നിയമം, NREGA പോലുള്ള വിപ്ലവകരമായ ആശയങ്ങൾ നടപ്പാക്കിയ പാരമ്പര്യമുണ്ട് കോണ്ഗ്രസിന്. ആ അർത്ഥത്തിൽ രാഹുലിന്റെ ഇന്നത്തെ പ്രഖ്യാപനം ഒട്ടും അതിശയോക്തിയായി തോന്നുന്നേയില്ല. പകുതി പോലും നടപ്പാക്കപ്പെട്ടില്ലെങ്കിൽപ്പോലും recognising the basic income as a right, ജനാധിപത്യത്തിൽ അതൊരു വല്യ ചുവടുവെയ്പ്പാണ്. രാഹുൽ, നിങ്ങളിന്ന് പ്രതീക്ഷ നൽകി.

അഡ്വ.ഹരീഷ് വാസുദേവൻ.

https://www.facebook.com/harish.vasudevan.18/posts/10157137582362640