ഒരു പാർട്ടിയും ഒരു പീഡോയേയും പിന്തുണയ്ക്കില്ല; നദി ആയാലും പുഴ ആയാലും കേസിൽ ഉൾപ്പെട്ടാൽ യഥാർത്ഥ പേര് പറയാനെ നിർവാഹമുള്ളൂ എന്ന് ഹരീഷ് വാസുദേവൻ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ ആക്ടിവിസ്റ്റ് നദിയെ നദീർ എന്ന് വിളിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന വാദങ്ങൾക്ക് മറുപടിയുമായി ഹരീഷ് വാസുദേവൻ രം​ഗത്ത്.

ക്രിമിനൽ കേസിലോ പരാതിയിലോ ഉൾപ്പെട്ടാൽ യഥാർത്ഥ പേര് മാത്രമേ പറയാൻ നിർവാഹമുള്ളൂ. ദി ആയാലും പുഴ ആയാലും അതിനു വ്യത്യാസമില്ല. ഇരവാദം അവിടെ ചെലവാകില്ലെന്നും ഹരീഷ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

അഞ്ചു കാര്യങ്ങൾ.
1.ആർക്കും സ്വന്തം പേര് മറച്ചുവെച്ചു അവനവനെ “ഹരിശ്ചന്ദ്രൻ” എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്. ആ പേരിൽ സോഷ്യൽ മീഡിയയിൽ ഒരു ഐഡിയും എടുക്കാം. പക്ഷെ അയാളൊരു ക്രിമിനൽ കേസിലോ പരാതിയിലോ ഉൾപ്പെട്ടാൽ യഥാർത്ഥ പേര് മാത്രമേ പറയാൻ നിർവാഹമുള്ളൂ, (ഗസറ്റിൽ പേര് മാറ്റാത്തിടത്തോളം). കോടതിയിൽ പേര് വിളിക്കുമ്പോൾ “ഹരിശ്ചന്ദ്രൻ” എന്നല്ല രേഖയിലുള്ള പേരാണ് വിളിക്കുക. അപ്പോൾ അത് “ഇസ്ലാമോഫോബിയ” ആണെന്ന് തിയറി ഇറക്കിയാൽ ഏത് മര്യാദക്കാരൻ മജിസ്‌ട്രേറ്റ് പോലും പേപ്പർ വെയ്റ്റ് എടുത്ത് എറിഞ്ഞന്ന് വരും. നദി ആയാലും പുഴ ആയാലും അതിനു വ്യത്യാസമില്ല. ഇരവാദം അവിടെ ചെലവാകില്ല.
2. പ്രായപൂർത്തി ആകാത്ത കുഞ്ഞുങ്ങളെ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ, ഉപയോഗിച്ചവരെ നിയമത്തിൽ നിന്ന് മറച്ചു വെക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. “കുറ്റം തെളിയിക്കുംവരെ പ്രതി നിരപരാധി”, എന്ന സാധാരണ ക്രിമിനൽ കേസിലെ ഇളവ് ഇത്തരം പ്രതികൾക്ക് കൊടുക്കേണ്ട എന്നാണ് നിയമം തന്നെ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് വിചാരണയിൽ പ്രിസംഷൻ പോലും പ്രതിക്ക് എതിരാണ്. അത്തരം ക്രിമിനലുകളെയോ, അവർ നടത്തുന്ന ചൈൽഡ് അബ്യുസിനെയോ ന്യായീകരിക്കുന്ന ഒരാൾക്കും എന്റെ സൗഹൃദലിസ്റ്റിലോ വാളിലോ വിസിബിലിറ്റി കൊടുക്കില്ല എന്നതാണ് എന്റെ തീരുമാനം. മറിച്ചു തീരുമാനിക്കുന്നവരുടെ പോസ്റ്റുകൾ കാണാതിരിക്കാൻ unfollow ബട്ടൻ ഉണ്ടല്ലോ. ignore the messenger, address the message.
3.പോക്സോ കേസിലെ പ്രതികൾക്കും അവർ കുറ്റവാളി അല്ലെന്ന് തെളിയിക്കാനുള്ള അവകാശങ്ങളുണ്ട്. അത് അവർക്ക് തേടാവുന്നതാണ്. ഒരുപക്ഷേ കള്ളക്കേസ് ആകാം. അങ്ങനെയൊരാൾ വന്നു പറഞ്ഞാൽ അയാളുടെ ഭാഗം കോടതിയിൽ വിശദീകരിക്കാനുള്ള ബാധ്യത അഭിഭാഷകർക്കുണ്ട്. അതവരുടെ ഓപ്‌ഷൻ അല്ല, ജോലിയാണ്, ബാധ്യതയാണ്. അതിനു വ്യക്തിപരമായ മൊറാലിറ്റിയുമായി ഒരു ബന്ധവുമില്ല.
പ്രതിയായ ഒരാളെ സമൂഹം കായികമായി കൈകാര്യം ചെയ്യരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. (സ്വന്തമായി ഒരു കുഞ്ഞുണ്ടായാൽ ഈ അഭിപ്രായം മാറിയേക്കാം, still). എന്നാലും ഒരു പീഡോയെ കൺമുന്നിൽ ഞാൻ തെളിവോടെ പിടികൂടിയാൽ സ്വാഭാവിക പ്രതികരണത്തിന്റെ ഭാഗമായി, അയാൾക്ക് എന്നെന്നും ഓർമ്മയിരിക്കുന്ന തല്ലു കൊടുത്തിട്ടേ ഞാൻ പോലീസിനെ വിളിക്കൂ. അതിനുള്ള ശിക്ഷ കിട്ടുമെന്ന ബോധ്യത്തോടെ തന്നേ.
പൊട്ടൻഷ്യൽ പീഡോകളെ ക്രൈമിലൂടെ ആണെങ്കിലും ജയിലിലാക്കണം എന്നാണ് അഭിപ്രായം.
4.ഒരാളെ കുറ്റക്കാരനായി കണ്ടാൽ നൽകുന്ന ശിക്ഷയുടെ കാര്യത്തിൽ, പോക്സോ കേസുകൾ കുറച്ചുകൂടി ദയാരഹിതം ആകണമെന്നാണ് അഭിപ്രായം. വെറും ജയിൽശിക്ഷ പോരാ. ഇതൊരു ബാർബേറിക്ക് / uncivilized ക്രൈം ആണ്. ജനാധിപത്യ സമൂഹത്തിനൊപ്പം വളരാത്ത മനുഷ്യരാണ് ഇത് ചെയ്യുന്നത്. അവർക്കുള്ള ശിക്ഷയും കടുപ്പിക്കണം. വധശിക്ഷയല്ല, അതിലും ക്രൂരമായ എന്തെങ്കിലും വേണം.
5.ഒരാൾ അന്യായമായി UAPA കേസിൽ പെട്ടാൽ അയാളുടെ ജാതകമോ സ്വഭാവശുദ്ധിയോ നോക്കാതെ UAPA യെ എതിർക്കാൻ പിന്തുണ നൽകും. നാളെ അയാൾ തന്നെ ക്രിമിനൽ ആണെന്ന് വിശ്വസനീയമായ അറിവ് കിട്ടിയാൽ പോലീസിനെ വിളിച്ചു പിടിപ്പിക്കുകയും പരസ്യമായി അത് പറയുകയും ചെയ്യും. അല്ലാതെ നമ്മളാരും ഭാവി കാണാൻ കഴിവുള്ളവരല്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഒരു പീഡോയേയും പിന്തുണയ്ക്കില്ല എന്നാണ് എന്റെ ബോധ്യം. ഇതിൽ രാഷ്ട്രീയമില്ല.
അഡ്വ.ഹരീഷ് വാസുദേവൻ.