ഹാദിയയെ കാണുമെന്ന് ഷെഫിന്‍ ജാഹാന്‍;’ഞാന്‍ ഐഎസ് തീവ്രവാദിയല്ല’

ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്ത് ഹാദിയ കോളേജില്‍ പ്രവേശനം നേടിയതിനു ശേഷമായിരിക്കും കാണുകയെന്നും ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ പറഞ്ഞു. ഹാദിയയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം അടിസ്ഥാന രഹിതമാണെന്നും ഷെഫിന്‍ പറഞ്ഞു.

ഷെഫിനെ സേലത്ത് വെച്ച് കാണാമല്ലോയെന്നും പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ ഡല്‍ഹിക്ക് പുറപ്പെടാന്‍നേരം താന്‍ മുസ്ലീമാണെന്നും തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും ഹാദിയ പറഞ്ഞിരുന്നു.

ഹാദിയ കേസില്‍ ഉണ്ടായിരിക്കുന്ന കോടതി നിലപാട് തന്റെ വിജയമാണെന്ന് പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മകള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും പിതാവ് പറഞ്ഞിരുന്നു. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ലെന്നും പിതാവ് പറഞ്ഞു. ഷെഫിന്‍ ജഹാന്‍ രക്ഷകര്‍ത്താവാകണമെന്ന ആവശ്യം കോടതി നിരാകരിച്ചല്ലോയെന്നും അശോകന്‍ പറഞ്ഞിരുന്നു.