വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരുടെ കാല്‍ കഴുകിച്ചു; ഗുരുവന്ദനമെന്ന് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

ഗുരുവന്ദനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകി തുടപ്പിച്ചു. കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പബ്ലിക് സ്‌കൂളിലാണ് സംഭവം.

വിദ്യാര്‍ത്ഥികള്‍ കാല്‍ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിത്രം വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

ഹയര്‍സെക്കന്‍ഡറി വരെ ഓരോ ക്ലാസില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളെ വീതമാണ് അധ്യാപകരുടെ കാല്‍ കഴുകാന്‍ തെരഞ്ഞെടുത്തത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരുടെയും കാല്‍കഴുകി തുടപ്പിച്ചു എന്നാണ് ആരോപണം.

നിലവിളക്ക് കൊളുത്തി വച്ച് അദ്ധ്യാപകരെ കസേരയില്‍ ഇരുത്തിയായിരുന്നു ചടങ്ങ്. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.