ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തു, മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്ന്: സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി

 

ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയ ഗാന്ധിയോട് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വതന്ത്രമായി പ്രവർത്തിക്കാൻ തന്നെ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ ഭയന്നാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇത് മൂന്നാംതവണയാണ് മുല്ലപ്പളളിയും സോണിയഗാന്ധിയും തമ്മിൽ ഫോണിലൂടെ ആശയവിനിമയം നടത്തുന്നത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിൽ താൻ അപമാനിതനായെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ  ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താൻ നേരത്തെ അറിഞ്ഞില്ലെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ സ്വയം പിന്മാറുമായിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതോടൊപ്പം, പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് കോൺഗ്രസ് പാർട്ടിയിൽ സ്വീകാര്യത ലഭിച്ചില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചു.