സജീറയുടെ അവസ്ഥ വേദനാജനകം: ഇന്ത്യയില്‍ തന്നെ അപൂര്‍വമായ രോഗത്തിനുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ഇന്ത്യയില്‍ തന്നെ അപൂര്‍വമായി കാണപ്പെടുന്ന ഹെയറി സെല്‍ ലുക്കീമിയ എന്ന രോഗം ബാധിച്ച് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട് കഴിയുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്.

ക്ലാഡ്രിബിന്‍ എന്ന മരുന്നാണ് ഇവരുടെ ചികിത്സയ്ക്ക് വേണ്ടത്. മരുന്ന് ഉത്പാദിപ്പിച്ചിരുന്ന കമ്പനി ഉത്പാദനം നിര്‍ത്തിയെങ്കിലും എവിടെയെങ്കിലും മരുന്ന് ലഭ്യമായാല്‍ ഇവര്‍ക്ക് അത് എത്തിച്ച് നല്‍കണമെന്നും ആരോഗ്യമന്ത്രി ആര്‍സിസിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചുവെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെയധികം വേദനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സജീറയുടെ അവസ്ഥ വായിച്ചത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ (Hairy Cell Leukemia) എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) എന്ന മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട് കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈയൊരു സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍.സി.സി. ഡയറക്ടറെ ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തില്‍ ഹെയറി സെല്‍ ലുക്കീമിയ ബാധിച്ച രണ്ട് രോഗികള്‍ ആര്‍.സി.സി.യില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തി. അവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) മരുന്ന് കിട്ടാനില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്. ഈ മരുന്ന് ഉദ്പാദിപ്പിച്ചിരുന്ന കമ്പനി അതിന്റെ ഉദ്പാദനം നിർത്തിവെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടാണ് മരുന്നിന് ക്ഷാമമുണ്ടായത്. എവിയെങ്കിലും ഈ മരുന്ന് ലഭ്യമായാല്‍ അത് ഈ രോഗികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കാന്‍ നിര്‍ദേശിച്ചു.

എറണാകുളത്തുള്ള ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. മരുന്നിന്റെ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ അവര്‍ക്കും സ്റ്റോക്ക് കുറവാണ്. എങ്കിലും ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം ഇവരുടെ തുടര്‍ ചികിത്സ നടത്താനാകുമെന്നാണ് കരുതുന്നത്. വളരെ വേഗത്തില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്ന് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നു.

https://www.facebook.com/kkshailaja/posts/2196773820410587?__xts__[0]=68.ARDDtwhYF16Lm7WZjo83hosl8uTTcMDbGlT2QpdC9lWxWjjQviBxKW2iMMaOoOedMSBUEuvUx3ccm3uWnslLzFUqw8ADjg9RdCCvlUOoY27IoL_4J0KbSNEqfC8bmTzdVBic7ienyIx7iSm8oGEH8kadgoOafCQ3S_v_2Upll0NigKDmGG3WjDuWzu4px_JQ7xBdbxQv2XkBoLZvcaWfnZdhe6OnZGXibzo6jk3jj6_73lV9-ZXHo3Ft4IPiVzaxce3tDPaemBJMOi90lw4Ho05ljDlWqTGsCtKG4nxrCLRpXJH45oi-PIWNuzwOhmiy8YoqHGgCMut5ehV-Gcoweg&__tn__=-R

സജീറയുടെ അവസ്ഥ കാണിച്ച് ഫെയ്സ്ബുക്കില്‍ പ്രചരിച്ച പോസ്റ്റ്

യാദൃച്ഛികമായി പരിചയപ്പെട്ടതാണ് സാജിതയെ. നഗരത്തിലെ ഒരു ക്ലിനിക്കൽ ലാബിലെ ക്യൂവിൽ കുറച്ചു നേരം ഒരുമിച്ചുണ്ടായിരുന്നു.
കണ്ടാൽ ഒരു മുപ്പതുവയസ്സ് തോന്നിക്കും.
വരണ്ടു വിണ്ട ചുണ്ടുകളും നിഴൽ വീണ കണ്ണുകളുമുള്ള, ഒറ്റനോട്ടത്തിൽത്തന്നെ കടുത്തക്ഷീണം സ്ഫുരിക്കുന്ന ആ മുഖം എന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു. ടോക്കൺ നമ്പർ എത്രയാന്ന് ചോദിച്ച് പതിയെ ഒന്ന് പരിചയപ്പെടാൻ ശ്രമിച്ചു… എന്നോ എവിടെയോ നഷ്ടമായിപ്പോയ ശബ്ദം വീണ്ടെടുക്കുമ്പോലെ അവൾ മുരടനക്കി, അരണ്ട ശബ്ദത്തിൽ ഒരു നമ്പർ പറഞ്ഞു. എന്തേ പറ്റിയത് എന്ന് ചോദിച്ചപ്പോൾ വല്ലാത്തൊരു പുഞ്ചിരിയോടെ മിണ്ടിത്തുടങ്ങി…

ചുരുക്കിപ്പറയാം.

സാജിതയ്ക്ക് ബ്ലഡ് കാൻസറാണ്. CLL എന്ന് വിളിക്കുന്ന Chronic lymphocytic leukemia. പതിയെപ്പതിയെ പിടിമുറുക്കുന്ന ഇനം രക്താർബുദമാണത്രേ CLL. ആദ്യ സ്റ്റേജിൽത്തന്നെ രോഗം കണ്ടെത്തിയതാണ്. RCC ൽ ചികിത്സയും ആരംഭിച്ചു.

രോഗം തീവ്രമാകുന്ന മുറയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടതാണ്. കൃത്യമായി ചികിത്സിച്ചാൽ രോഗം മാറുന്നതുമാണ്.
പക്ഷേ, ദൗർഭാഗ്യമല്ലാതെ മറ്റെന്ത്?, കീമോതെറാപ്പിയുടെ മരുന്ന് കിട്ടാനില്ല.
കമ്പനി ഉൽപ്പാദനം നിർത്തിയത്രേ.
മെയ് മാസത്തിൽ കിട്ടിയേക്കും എന്നറിയുന്നു. ഉറപ്പില്ല.
തൽക്കാലം രോഗലക്ഷണങ്ങൾക്കുള്ള ഗുളികകളെന്തൊക്കെയോ കഴിക്കുന്നുണ്ട്.

ഇപ്പോൾ സാജിതയുടെ രക്തത്തിലെ ശ്വേതരക്താണുക്കൾ ഭ്രാന്തുപിടിച്ചപോലെ പെറ്റുപെരുകുകയാണ്. പ്ലേറ്റ്ലെറ്റ് കൗണ്ട് വല്ലാതെ താഴുന്നു.

“കണ്ടില്ലേ ചുണ്ടൊക്കെ വിണ്ടുപൊട്ടി. വയ്യ.”

വൃദ്ധയായ അമ്മയാണ് ചികിത്സാവഴിയിൽ അവൾക്ക് കൂട്ട്. ഭർത്താവ് ഗൾഫിൽ. എന്തോ ചെറിയ ജോലിയാവണം. രണ്ടു കുട്ടികളുണ്ട്. ഒരാൾ രണ്ടിൽ. മറ്റേയാൾ നഴ്സറിയിൽ.

“ഞാൻ പോയാൽ…എന്റെ മക്കടെ കാര്യമോർക്കുമ്പഴാ…”
വരണ്ടുണങ്ങി വിണ്ടുകീറിയ ചുണ്ടിലെ പൊള്ളിക്കുന്ന മന്ദഹാസം മായാതെ അവൾ അകലേക്ക് നോക്കിയിരുന്നു.

ആശ്വാസവാക്കുകളൊന്നും പറയാനില്ലാതെ, ശബ്ദം പുറത്തുവരാതെ ഞാനും.

Chronic lymphocytic leukemia യുടെ ചികിത്സയ്ക്കുള്ള ആ കീമോതെറാപ്പി മരുന്നിന്റെ പേര് Cladribine എന്നാണത്രേ.

തിരുവനന്തപുരം ആർ സി സിയിൽ നിരവധിപേർ ഈ മരുന്ന് ലഭ്യമല്ലാത്തതിനാൽ ചികിത്സ നടക്കാതെ മരണം മുന്നിൽക്കണ്ട് നാളുകളെണ്ണുന്നു എന്നാണ് സാജിത പറഞ്ഞത്.

അപേക്ഷയാണ്.

കേട്ടത് ശരിയാണെങ്കിൽ, കേരളത്തിന്റെ ആരോഗ്യ മന്ത്രാലയം അടിയന്തിരമായി ഇടപെടണം.
ആർ സി സിയിൽ ഈ മരുന്ന് എത്രയും വേഗം ലഭ്യമാക്കണം.