പി.എസ്.സി ചെയര്‍മാന് ശമ്പളം ഒന്നര ലക്ഷം രൂപ, ഔദ്യോഗിക വാഹനം, ഡ്രൈവര്‍, പെട്രോള്‍ അലവന്‍സ്, കേന്ദ്രനിരക്കില്‍ ഡി. എ!!!; ഭാര്യയുടെ യാത്രാചെലവ് വഹിക്കാന്‍ വകുപ്പില്ലെന്ന് സര്‍ക്കാര്‍

പി.എസ്.സി ചെയര്‍മാന്‍ ഔദ്യോഗികമായി നടത്തുന്ന യാത്രകളില്‍ ഭാര്യ അകമ്പടി സേവിച്ചാല്‍ ആ ചെലവ് വഹിക്കില്ലെന്ന് സര്‍ക്കാര്‍.മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പി.എസ്.സി ചെയര്‍മാനു നല്‍കാനാവില്ലെന്നു പൊതുഭരണ വകുപ്പ് നിലപാടെടുത്തു. ഇക്കാര്യം രേഖാമൂലം തന്നെ മുഖ്യമന്ത്രിയെ അറിയിക്കും.

താന്‍ പോകുമ്പോള്‍ ഒപ്പം കൂടുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഫയലില്‍ കുറിച്ചിരുന്നു. സംസ്ഥാനത്ത്
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കു പോലും ഇത്തരം ഒരു അവകാശം ഇല്ല. ഇങ്ങിനെ ഇല്ലാത്ത ഒരു കാര്യം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണു പൊതുഭരണ വകുപ്പിന്റെ നിലപാട്.

അതേസമയം, ചെയര്‍മാന്‍ ചട്ടം ലംഘിച്ച് തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.

ഇതിനു പുറമേയാണ് കുടുംബാംഗങ്ങളുടെ യാത്രാച്ചെലവും വഹിക്കണമെന്ന ചെയര്‍മാന്റെ പുതിയ ആവശ്യം.