തൃശൂര്‍ പൂരത്തിന് 15 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍; ധനസഹായം ഇതാദ്യം

തൃശൂര്‍ പൂരം നടത്തിപ്പിനായി സര്‍ക്കാര്‍ 15 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അനുവദിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് തൃശൂര്‍ പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഈ വര്‍ഷത്തെ പൂരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടും എല്ലാ ആചാരനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. വന്‍ തിരക്ക് മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഉത്തര മേഖല ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും തൃശൂരില്‍ പൂരം നിയന്ത്രിച്ച് പരിചയമുള്ളവരെയും തൃശൂര്‍ സ്വദേശികളെയും കൂടുതലായി നിയോഗിക്കാനുള്ള നടപടിയായി.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മാണം മേയ് ആറിനു മുന്‍പു പൂര്‍ത്തീകരിക്കും. ഇക്കുറി പൂരത്തിന് 40 ശതമാനം ആളുകള്‍ കൂടുതലായി എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മന്ത്രിമാരും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. പൂരത്തിനെത്തുന്നവര്‍ കൂടുതല്‍ സുരക്ഷ പുലര്‍ത്തണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.