'ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്, ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയും; സി.പി.എമ്മിന് മറുപടിയുമായി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച് സി.പി.ഐ.എമ്മിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായി താന്‍ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

നിയമസഭയുടെ നടപടിയില്‍ താന്‍ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആര്‍ക്കും വിമര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ റോഡിലിറക്കില്ലെന്ന് പലരും വെല്ലുവിളിച്ചെന്നും എന്നാല്‍ താന്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചത്.