'പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുത്'; മുന്നറിയിപ്പുമായി എം.വി ജയരാജന്‍

ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ ഉണ്ടാക്കരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ചാന്‍സിലര്‍ പദവിയില്‍ ഇനി ഗവര്‍ണര്‍ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും  ജയരാജന്‍ ആരോപിച്ചു.

വിസി ക്രിമിനല്‍ ആണെന്ന് ഗവര്‍ണര്‍ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാന്‍സിലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യം ചെയ്ത് വിസി കോടതിയില്‍ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ വിസി നിലപാട് അറിയിച്ചാല്‍ മതിയെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് നിയമനം സ്റ്റേ ചെയ്തത്. ഓഗസ്റ്റ് 31 വരെയാണ് സ്റ്റേ. 31ന് ഹര്‍ജി വീണ്ടും പരിശോധിക്കും.

ഹര്‍ജിയില്‍ യുജിസിയെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. നടപടികള്‍ പാലിച്ചല്ല നിയമനം എന്ന പരാതിയില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍, കണ്ണൂര്‍ വിസി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവര്‍ണര്‍ക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗണ്‍സില്‍ കൈപ്പറ്റി.

Read more

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് നിയമനം അനധികൃതമായി നേടിയതാണെന്നും പ്രിയയെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ജോസഫ് സ്‌കറിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.