ഗവര്‍ണര്‍ തറ രാഷ്ട്രീയം പറയുന്നു; കെ.സുധാകരൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഗവര്‍ണര്‍ തറരാഷ്ട്രീയം പറയുകയാണ് എന്ന് സുധാകരന്‍ പറഞ്ഞു. ഗവര്‍ണര്‍ തന്റെ പദവിയുടെ മഹത്വം മനസ്സിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അവകാശമില്ല. ഈ വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് എടുക്കേണ്ടത്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേരളം ഒന്നടങ്കം ആവശ്യപ്പെടണം. അദ്ദേഹത്തോട് തനിക്ക് സഹതാപം മാത്രമാണ് ഉള്ളതെന്നും സുധാകരന്‍ പറഞ്ഞു. സ്ഥായിയായ നിലപാടുകള്‍ എടുക്കുന്ന ആളല്ല ഗവര്‍ണര്‍ എന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. രാജ്ഭവന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. നയപ്രഖായപന പ്രസംഗത്തില്‍ഒപ്പിടാത്തത് അല്ല ഗവര്‍ണറെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയത് എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കടുത്ത ആക്രമണമാണ് ഗവര്‍ണര്‍ നടത്തിയത്. പക്വതയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്ന് അദ്ദേഹം സതീശനെ ഉപദേശിച്ചു. മുന്‍ മന്ത്രി എകെ ബാലന്റെ പെരുമാറ്റം ബാലിശമാണ് എന്നും അദ്ദേഹം പറഞ്ഞു.

Read more

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ടീയക്കാരെ നിയമിക്കുന്നതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. 20ല്‍ അധികം പേഴ്സണല്‍ സ്റ്റാഫുകളാണ് മന്ത്രിമാര്‍ക്കുള്ളത്. പെന്‍ഷനുവേണ്ടി രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫുകളെ മാറ്റുകയാണ്. ഇത് അധിക ബാധ്യതാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി പൊതുജനത്തിന്റെ പണമാണ് പാഴാക്കുന്നത് എന്നും ഗവര്‍ണര്‍ ആരോപിച്ചു. നിയമനത്തിന്റ പേരില്‍ റിക്രൂട്ട്മെന്റാണ് നടക്കുന്നത്. താന്‍ കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ 11 സ്റ്റാഫാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.