ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; വിസിമാര്‍ക്ക് മറുപടി നല്‍കാനുളള സമയം നീട്ടി നല്‍കി

രാജിവെച്ചൊഴിയാതിരിക്കാനുളള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുളള സമയം വിസിമാര്‍ക്ക് ഹൈക്കോടതി നീട്ടി നല്‍കി. കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കാനുളള സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. തിങ്കളാഴ്ച അഞ്ച് മണി വരെയാണ് സമയം. വിസിമാരുടെ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. രാജിവെച്ചൊഴിയാനുളള ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിലൂടെ ഒമ്പത് സര്‍വകലാശാലകളിലെ വിസിമാര്‍ നേരത്തെ അനുകൂല വിധി നേടിയിരുന്നു.

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിളള വ്യാഴാഴ്ച വിശദീകരണം നല്‍കിയിരുന്നു. ചട്ടപ്രകാരമാണ് വിസി സ്ഥാനത്ത് എത്തിയതെന്നും വിസിയാകാനുളള യോഗ്യതകള്‍ തനിക്ക് ഉണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ വിശദീകരണത്തില്‍ ഡോ. വി പി മഹാദേവന്‍ പിളള പറഞ്ഞു.