ക്രമവിരുദ്ധമായ സംഭവങ്ങളുണ്ടായി; എം.ജി വിഷയത്തില്‍ ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

എം.ജി സര്‍വ്വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതേസമയം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിച്ചു.

സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ ഡോ പ്രഗാഷിനെതിരെ ഒരു നടപടിയും സര്‍വ്വകലാശാല ഇതുവരെ സ്വീകരിച്ചിരുന്നില്ല. മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ തള്ളിക്കളഞ്ഞു എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്.

പുനര്‍മൂല്യനിര്‍ണയ നടപടികള്‍ ആരംഭിച്ച എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.പ്രഗാഷിന് നല്‍കാന്‍ വിസിയാണ് ആവശ്യപ്പെട്ടത്. മുപ്പത് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍, റജിസ്റ്റര്‍ നമ്പര്‍, അവയുടെ ഫോള്‍സ് നമ്പര്‍ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കറ്റ് അംഗത്തിന് നല്‍കാനായിരുന്നു വിസിയുടെ നിര്‍ദേശം.

പുനര്‍മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ റജിസ്റ്റര്‍ നമ്പറും ഫോള്‍സ് നമ്പറും കൈമാറാന്‍ പാടില്ലെന്ന ചട്ടം മറികടന്നായിരുന്നു തീരുമാനം. അതേസമയം ക്രമവിരുദ്ധമായി എന്തോ സര്‍വകലാശാലയില്‍ സംഭവിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചെന്നും തെറ്റു തിരുത്താന്‍ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു