നയപ്രഖ്യാപനത്തിന് ഇനി അഞ്ച് നാള്‍; ഗവര്‍ണറുടെ നിലപാടില്‍ ആശങ്കയുമായി സര്‍ക്കാര്‍ 

നയപ്രഖ്യാപനത്തിന് അഞ്ച് ദിവസം മാത്രം നിലനില്‍ക്കെ ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതിലെ ആശങ്കയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം മടക്കി അയക്കുമോ എന്നാണ് ആശങ്ക. പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ തന്‍റെ എതിര്‍പ്പ് നിയമസഭയിലും പ്രകടിപ്പിക്കുമോ എന്നതും കാത്തിരുന്ന് കാണണം. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍, ഭരണഘടനാപരമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് താന്‍ കണ്ടിട്ടില്ലെന്നും  ഗവര്‍ണര്‍  പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നയപ്രഖ്യാപനം സബന്ധിച്ച് ആശങ്ക നില നില്‍ക്കുന്നത്.

പൗരത്വ നിയമത്തിനെതിരായ കടുത്ത നിലപാടും, നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതും അടക്കം സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങളെല്ലാം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ സര്‍ക്കാരുമായി കൊമ്പ് കോര്‍ത്തിരിക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തിലെ ഈ ഭാഗങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ഇന്നലെ തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പരിശോധിച്ച് എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സംശയം.

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങള്‍ വെട്ടി ഗവര്‍ണര്‍ തിരിച്ചയച്ചാലും അത് വീണ്ടും ഉള്‍പ്പെടുത്തി മടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയാലും അത് നയപ്രഖ്യാപനത്തിന്‍റെ ഭാഗമായി രേഖയില്‍ ഉണ്ടാകും എന്ന ആശ്വാസമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കം ഗവര്‍ണര്‍ക്കെതിരെ പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ സഭ ഫ്ലോറില്‍ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ നടത്തുമോ എന്നതും ശ്രദ്ധേയമാണ്.

നയപ്രഖ്യാപനപ്രസംഗം മുഴുവൻ വായിക്കാതെ തുടക്കവും ഒടുക്കവും മാത്രം വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാം. എന്നാൽ വിയോജിപ്പുള്ള ഭാഗം വായിച്ച ശേഷം അതിനോടു തനിക്കു വിയോജിപ്പുണ്ടെന്നു ഗവർണർ പരസ്യമായി പ്രഖ്യാപിച്ചാൽ അതു ഭരണഘടനാ പ്രതിസന്ധിക്കു  വഴി തെളിക്കും.