കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല; പ്രതിസന്ധി സൃഷ്ടിച്ചത് സമരം ചെയ്തവരെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാനജ്‌മെന്റാണ് ശമ്പളം നല്‍കേണ്ടത്. അനാവശ്യമായി സമരം ചെയ്തവരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. അവര്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണട്ടേയെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാക്കിന് വില കല്‍പിക്കാതെ സമരം ചെയ്തിട്ട് യൂണിയനുകള്‍ പരിഹാരത്തിനായി സര്‍ക്കാരിനെ സമീപിക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാന്‍ കഴിയില്ല. കോവിഡ് കാലത്ത് വാഹനങ്ങള്‍ ഓടാതിരുന്നിട്ടും ശമ്പളം നല്‍കിയത് പിണറായി സര്‍ക്കാരാണ്. ശമ്പളം വൈകുമ്പോള്‍ ജനങ്ങളെ പെരുവഴിയിലാക്കുന്ന നിലപാട് ജീവനക്കാര്‍ അവസാനിപ്പിക്കണമെന്നും ആന്റണി രാജു പറഞ്ഞു.

സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കാതെ സമരം നടത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. സിഐടിയു ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണെടുത്തത്. നോട്ടീസ് നല്‍കി സമരം ചെയ്യാനുള്ള അവകാശം ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍ സര്‍ക്കാരിനെ വിശ്വാസമില്ലാത്തത് കൊണ്ട് അര്‍ദ്ധരാത്രിമുതല്‍ പണിമുടക്കിയത് അംഗീകരിക്കാനാവില്ല. പണിമുടക്കിയ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാവും. ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നും ആന്റണി രാജു അറിയിച്ചു.