സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചു. ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ്, പണയം, ഇൻഷുറൻസ് , മൈക്രോ ഫിനാൻസ്, വിദേശ നാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാട് നടത്തുന്ന എല്ലാ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ബാധകം ആവുന്ന തരത്തിൽ ഉള്ളതാണ് വിജ്ഞാപനം. മുത്തൂറ്റ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്വകാര്യ ധനകാര്യ മേഖലയില്‍ ആദ്യമായാണ് മിനിമം വേതനം പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കുന്നത്

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചതോടെ ഈ രംഗത്തു നിലവിലുള്ള വേതന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാന്യമായ വേതനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ് സർക്കാർ നടപടി.

2016- ലാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ വേതനം സംബന്ധിച്ച കരട് തയ്യാറാക്കിയത്. എന്നാൽ ആ കരടിന് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിനാൽ നിയമം ആയില്ല. എന്നാൽ മുത്തൂറ്റ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഹൈക്കോടതി തന്നെ കരടിലെ ചില നിർദ്ദേശങ്ങൾ ഒഴിവാക്കി വേതനവ്യവസ്ഥ നടപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ആസ്ഥാനങ്ങൾക്കായി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വില സൂചികയിലെ 250 പോയിന്റിനു മേൽ വർദ്ധിക്കുന്ന ഓരോ പോയിന്റിനും 32 രൂപ 50 പൈസ നിരക്കിൽ ക്ഷാമബത്തയും നൽകണം.

നിലവില്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമമനുസരിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. ക്ലീനര്‍, സ്വീപ്പര്‍, ഓഫീസ് അറ്റന്‍ഡന്റ്, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ക്ക് നിലവില്‍ ഡി.എ. അടക്കം 11140 രൂപയോളമാണ് തുടക്കത്തില്‍ വേതനമായി ലഭിക്കുന്നത്. പുതിയ മിനിമം വേതന വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളം ഡി.എ. അടക്കം 13,400 രൂപയായി ഉയരും. വാച്ച്മാന്‍, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാര്‍ക്ക് നിലവില്‍ ഡി.എ. അടക്കം 11,350 രൂപയാണ് മിനിമം വേതന നിയമപ്രകാരം കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനത്തോടെ ഇത് 14,000 രൂപയായി ഉയരും. ഡ്രൈവറുടേതു നിലവിലുള്ള 11560 രൂപ എന്നത് കുറഞ്ഞത് 14750 രൂപ എന്ന നിലയിലേക്കും ഉയരും.

കളക്ഷന്‍ എക്‌സിക്യൂട്ടിവുമാര്‍, ബില്‍ കളക്ടര്‍, എ.ടി.എം. ക്യാഷ് ലോഡിങ് എക്‌സിക്യൂട്ടിവുമാര്‍ തുടങ്ങിയവരുടെ വിഭാഗത്തില്‍വരുന്നവര്‍ക്ക് തുടക്കത്തില്‍ 16500 രൂപയില്‍ കുറയാത്ത ശമ്പളം പ്രതിമാസം ലഭിക്കുമെന്ന് പുതിയ വിജ്ഞാപനം ഉറപ്പാക്കുന്നു.

ക്ലര്‍ക്ക്, ജൂനിയര്‍ ഓഫിസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍, ഇന്‍ഷ്വറന്‍സ് പ്രോമോട്ടര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടിവുമാര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് നിലവില്‍ 11770 രൂപയാണ് ഡി.എ. അടക്കം തുടക്കത്തില്‍ കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍വന്നതോടെ ഇത് 17,000 രൂപയായി ഉയരും.

ക്യാഷ്യര്‍, അക്കൗണ്ടന്റ്, സീനിയര്‍ എക്‌സിക്യൂട്ടിവ്, കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ് തുടങ്ങിയ തസ്തികകളിലുള്ളവര്‍ക്ക് ഡി.എ. അടക്കം 19500 രൂപ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളമായി ലഭിക്കും.

അസിസ്റ്റന്റ് മാനേജര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍മാര്‍ തുടങ്ങിയവരുടെ വിഭാഗത്തില്‍ നിലവിലെ വ്യവസ്ഥകളനുസരിച്ച് 11980 രൂപയാണ് ഡി.എ. അടക്കം കുറഞ്ഞ വേതനം. പുതിയ വിജ്ഞാപന പ്രകാരം തുടക്കക്കാരായ ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞത് 21750 രൂപ ലഭിക്കും. ബ്രാഞ്ച് മാനേജര്‍, മാനേജര്‍(എച്ച്.ആര്‍), ഓപ്പറേഷന്‍സ് ഹെഡ് തുടങ്ങിയ തസ്തികകളില്‍ 23750 രൂപയും ഏറ്റവും കുറഞ്ഞ വേതനം ഉറപ്പാക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ലഭിക്കേണ്ട വാര്‍ഷിക ഇന്‍ക്രിമെന്റ് സംബന്ധിച്ചും വിജ്ഞാപനത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.