കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് പറഞ്ഞിട്ടില്ല : തോമസ് ഐസക്

കെഎസ്ആര്‍ടിസിയുടെ സാമ്പത്തികബാധ്യകള്‍ ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞിട്ടില്ല. സത്യവാങ്മൂലത്തില്‍ വിശദീകരണവുമായി ധനമന്ത്രി ഡോ.തോമസ് ഐസക്. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കെഎസ്ആര്‍ടിസിക്ക് സ്വന്തം കാലില്‍ നിലനില്‍ക്കാനുള്ള പാക്കേജുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി വ്യക്തമാക്കി.

പുനഃരുദ്ധാരണ പാക്കേജുകള്‍ നല്‍കാതെ നിലവില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാനാകില്ല. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കണം. ഇതിന് സര്‍ക്കാര്‍ സഹായം നല്‍കണം. അടുത്ത രണ്ടു വര്‍ഷത്തില്‍ 1000 കോടി രൂപ പണമായി കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറയുന്നു. ശമ്പളം,ഡീസല്‍ എന്നീ ഇനങ്ങളില്‍ ചെലവ് കൂടിയതിനാലാണ് പെന്‍ഷന്‍ കുടിശ്ശിക വന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ,പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഗതാഗതവകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്.മാലതി നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസിയെ കൈവിട്ട സര്‍ക്കാരിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കാത്തത് ചോദ്യം ചെയ്ത് മുന്‍ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയുടെ മറുപടിയായിട്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പെന്‍ഷന്‍ നല്‍കാന്‍ സർക്കാരിന് നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും 1984 മുതല്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ദൈനംദിന ചെലവുകള്‍ക്കു പുറമെ പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്താന്‍ കോര്‍പറേഷനു കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ കെഎസ്ആര്‍സിയെ സംരക്ഷിക്കേണ്ട ചുമതലകളില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി. ഇത് അവർ കോടതിയിൽ സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.