ഗാന്ധിചിത്രം തകര്‍ത്ത സംഭവം; റിപ്പോര്‍ട്ട് വിശ്വസനീയമല്ല, മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് ഒരുക്കിയ തിരക്കഥയെന്ന് കെ.സി വേണുഗോപാല്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സംഭവത്തില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് ഒരുക്കിയ തിരക്കഥയാണിത്. ഈ റിപ്പോര്‍ട്ട് കേരളം തളളുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറിയത് പിന്നിലൂടെയാണ്. അക്രമികളെ പൊലീസ് പുറം തട്ടി പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയില്ലായിരുന്നു. ഓഫീസ് സ്റ്റാഫുകളെ മര്‍ദ്ദിച്ചവശരാക്കി.യെന്നും കേസെടുക്കുമെന്ന് പേടിപ്പിക്കേണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ന്നേക്കാമെന്നും എസ്ഡിപിഐക്കാര്‍ എകെജി സെന്ററിലെത്തിയതില്‍ സിപിഎം വിശദീകരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ല. പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തിരിക്കുന്നത്. ഗാന്ധി ചിത്രം ആദ്യം നിലത്ത് വീണ് കമിഴ്ന്ന നിലയിലായിരുന്നു, കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകപ്പിന് കൈമാറി.

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ എടുക്കുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീടാണ് താഴെ കാണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.