മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ ഗണപതി ഹോമം, വിവാദം കത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു മുമ്പേ ഗണപതി ഹോമം നടത്തിയ സംഭവം വിവാദമാകുന്നു. പിണറായില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയ കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹൈ ടെക് വീവിങ്ങ് മില്ലിനുള്ളിലാണ് ഹോമം നടത്തിയത്.

പുലര്‍ച്ചെ മൂന്നിനാണ് ഹോമം തുടങ്ങിയത്. ഇത് അവസാനിച്ചത് രാവിലെ അഞ്ചിനും. പിണറായി തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ശാന്തിയാണ് പൂജയ്ക്ക് നേതൃത്വം കൊടുത്തത്. ഇതിന് ശേഷം രാവിലെ 9.30ന് ഹൈ ടെക് വീവിങ്ങ് മില്ലിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു.

ഈ ഹോമത്തിന്റെ പ്രസാദം ചിലര്‍ക്ക് കിട്ടിയതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. ജനറല്‍ മാനേജര്‍ പി.ആര്‍. ഹോബി മില്ലിനുള്ളില്‍ ഹോമം നടന്നുവെന്ന വാര്‍ത്ത നിഷേധിച്ചു. അടിസ്ഥാനരഹിതമായ പ്രചാരണമെന്നാണ് പി.ആര്‍. ഹോബി ഇതിനെ കുറിച്ച് പറഞ്ഞത്. അതേസമയം ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനു കീഴിലെ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഹോമവും പൂജയും സംഘടിപ്പിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് മലയാള മനോരമ