ബാംഗ്ലൂരിലേയ്ക്കുള്ള 'ഇടിവണ്ടി'കളുടെ കുത്തക അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍; തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേയ്ക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിയ്ക്കും റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരന്‍ കത്തയച്ചു.

പ്രതിദിനം 15000 ത്തോളം ആളുകള്‍ യാത്ര ചെയ്യുന്ന തിരുവനന്തപുരം-ബാംഗ്ലൂര്‍ റൂട്ടില്‍ ട്രെയിനുകളുടെ അപര്യാപ്തത മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒരു പരിധി വരെ സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് പരിഹരിച്ച് പോന്നിരുന്നത്. എന്നാല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ യാത്രക്കാരില്‍ നിന്നും അമിതമായി ചാര്‍ജ്ജ് ഈടാക്കുന്നതും മറ്റും മൂലം യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണുള്ളത്.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ അനുവദിക്കണമെന്നും നിലവിലുള്ള ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്നും കേന്ദ്ര റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടു.