കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നിരവ് മോദി അറസ്റ്റില്‍; ലണ്ടന്‍ കോടതിയില്‍ ഉടന്‍ ഹാജരാക്കും

വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ രത്‌ന വ്യാപാരി നിരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഇന്നു ഹാജരാക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 14,600 കോടി വായ്പയെടുത്താണ് ഇയാള്‍ മുങ്ങിയത്. 17 മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്.

വെസ്റ്റ് എന്‍ഡിലെ ആഡംബര വസതിയില്‍ വെച്ചാണ് നിരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. ഓഗസ്റ്റ് 2018-ലാണ് എന്‍ഫോഴ്‌സ്‌മെന്റ് നിരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടന്‍ കോടതിയ്ക്ക് മുമ്പാകെ വെച്ചത്. യു കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയില്‍ ഒപ്പു വെച്ചു. നിരവ് മോദിയെ അറസ്റ്റ് ചെയ്താല്‍ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങി. കോടതിയ്ക്ക് നിരവിനെ കൈമാറാന്‍ അനുവദിച്ചു കൊണ്ട് വിധി പുറപ്പെടുവിക്കാനാകും.