ഫാ. എബ്രഹാം അടപ്പൂര്‍ വിടവാങ്ങി

പ്രമുഖ ക്രിസ്തീയ  ചിന്തകനും , സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ വൈദികനുമായ ഫാ. എബ്രഹാം അടപ്പൂര്‍ വിടവാങ്ങി. മികച്ച പ്രഭാഷകന്‍ കൂടിയായ ഇദ്ദേഹം പതിനാലോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

1926-ല്‍ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയില്‍ അടപ്പൂര്‍ ജോണ്‍ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്, കൊഡൈക്കനാല്‍, പൂനെ എന്നിവിടങ്ങളില്‍ ജസ്യൂട്ട് പരിശീലനം പൂര്‍ത്തിയാക്കി. 1959-ല്‍ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബി.എ.യും തുടര്‍ന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ എം.എ. ബിരുദവും ദൈവശാസ്ത്രത്തില്‍ പിഎച്ച്.ഡിയും നേടി.

റോമില്‍ ജസ്യൂട്ട് ജനറലിന്റെ ഇന്‍ഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കന്‍-റോമന്‍ കത്തോലിക്കാ അന്തര്‍ദ്ദേശീയ സമിതിയംഗം. എറണാകുളത്തെ ലൂമന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍, ന്യൂമന്‍ അസോസിയേഷന്റെ കേരള റീജിയണല്‍ ചാപ്ലിന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കമ്യുണിസം ഒരു ചരമക്കുറിപ്പാണ് അദ്ദേഹത്തിന്റെ പ്രധാനകൃതി . ഈശ്വരനുണ്ടെങ്കില്‍, അണുബോംബ് വീണപ്പോള്‍ മനുഷ്യനും മൂല്യങ്ങളും ഇരുളും വെളിച്ചവും ജോണും പോളും ജോണ്‍പോളും ഞാന്‍ കണ്ട പോളണ്ട് പാളം തെറ്റിയ ദൈവശാസ്ത്രം എതിര്‍പ്പിലൂടെ മുന്നോട്ട് കമ്മ്യൂണിസത്തിന്റെ തകര്‍ച്ച മൂല്യനിരാസം എന്ന പാപം കള്‍ച്ചറല്‍ ക്രൈസിസ് ഇന്‍ ഇന്ത്യ എന്നിവയാണ് മറ്റു കൃതികള്‍ . കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ മാനവിക സാഹിത്യ അവാര്‍ഡ് (1998) ക്രൈസ്തവ സാംസ്‌കാരികവേദിയുടെ പുസ്തക അവാര്‍ഡ് എ.കെ.സി. സി.യുടെ സാഹിത്യ അവാര്‍ഡ് (1993) പോള്‍ കാക്കശ്ശേരി അവാര്‍ഡ് (1997) എന്നിവ നേടിയിട്ടുണ്ട്