സി.പി.എമ്മിനും കോണ്‍ഗ്രസിനുമായി കേരളത്തില്‍ നാല് വനിതകള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍

കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഇനി അറിയാനുള്ളത് വയനാട്ടില്‍
ആരു ജനവിധി തേടുമെന്നു മാത്രമാണ്. ബാക്കി ചിത്രങ്ങള്‍ തെളിയുമ്പോള്‍ കേരളത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമായി നാലു വനിതകള്‍ ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാടും. രണ്ടു പേര്‍ മധ്യ തിരുവതാംകൂറിലും രണ്ടു പേര്‍ മലബാറിലുമാണ് ജനവിധി തേടുന്നത്. ഇരുമുന്നണികളുടെയും വനിതകകള്‍ ആരും നേര്‍ക്കുനേര്‍ മത്സരിക്കില്ല.

യുഡിഎഫിലും എല്‍ഡിഎഫിലും ഘടക കക്ഷികള്‍ ആരും വനിതകളെ മത്സരിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞവരെയാണ് ഇക്കുറി വനിതകളുടെ കൂട്ടത്തില്‍ ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.

വീണാ ജോര്‍ജ്

ആറന്മുള എംഎല്‍എയെന്ന നിലയില്‍ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ മുഖമാണ് വീണാ ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിനെ മത്സരിപ്പിച്ചതിന് സിപിഎം പഴി കേട്ടിരുന്നു. പക്ഷേ സിറ്റിംഗ് എംഎല്‍എ ശിവദാസന്‍ നായരെ തോല്‍പ്പിച്ചാണ് വീണാ ജോര്‍ജ് അതിന് മറുപടി നല്‍കിയത്. ഇക്കുറി സിറ്റിംഗ് എംപി ആന്റോ ആന്റണിയാണ് എതിരാളി.

കഴിഞ്ഞ തവണ രാഷ്ട്രീയക്കാരുടെ മെയ് വഴക്കമില്ലാതെ തിരഞ്ഞെടുപ്പ് ജയിച്ച് വീണാ ജോര്‍ജ് ഇക്കുറി രാഷ്ട്രീയ അടവുകളും സ്വായത്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക, അധ്യാപിക എന്നീ നിലകളിലും മുമ്പ് പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് വീണാ ജോര്‍ജ്.

ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴയില്‍ കോണ്‍ഗ്രസിനായി കളത്തില്‍ ഇറങ്ങുന്നത് ഷാനിമോള്‍ ഉസ്മാനാണ്. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുടെ പേരില്‍ കെ സി വേണുഗോപാല്‍ ഇക്കുറി ജനവിധി തേടില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ഷാനിമോള്‍ ഉസ്മാന് നറുക്ക് വീഴുന്നത്. സിപിഎമ്മിന്റെ എംഎല്‍എ എം എ ആരിഫാണ് ഷാനിമോള്‍ ഉസ്മാന്റെ എതിരാളി.

സ്വന്തം ജില്ലയില്‍ നിന്നാണ് ഷാനിമോള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മണ്ഡലം ചിരപരിചിതമായ കോണ്‍ഗ്രസ് നേതാവ് അഭിഭാഷകയെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിതയായ ഷാനിമോള്‍ക്ക് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമുണ്ട്. ഇക്കുറി തീപാറും പോരാട്ടത്തിനായിരിക്കും ആലപ്പുഴ സാക്ഷ്യം വഹിക്കുക.

പി. കെ ശ്രീമതി

കണ്ണൂര്‍ സിറ്റിംഗ് എംപി പി കെ ശ്രീമതിയാണ് ഇത്തവണയും സിപിഎമ്മിനായി തിരഞ്ഞെടുപ്പില്‍ പോരാടുന്നത്. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ വിജയം നില നിര്‍ത്തുകയെന്ന ദൗത്യമാണ് ശ്രീമതിക്കുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും കണ്ണൂരിലെ ജനവിധിയെന്ന് സുനിശ്ചിതം.

വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ശ്രീമതിയുടെ എതിരാളി കോണ്‍ഗ്രസിന്റെ കെ സുധാകാരനാണ്. ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്താന്‍ ശ്രീമതിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. സ്‌കൂള്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു പരിചയമുള്ള ശ്രീമതി 30 വര്‍ഷത്തിലധികമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.

രമ്യ ഹരിദാസ്

സംഗീത ബിരുദത്തിന് പഠിക്കുന്ന കാലത്ത് 2013ല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതാണ് രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. പ്രതിഭാശാലിയായ യുവതിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ ശ്രദ്ധ നേടിയതോടെയാണ് എല്‍ഡിഎഫില്‍ സിറ്റിംഗ് സീറ്റായ ആലത്തൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ് രമ്യയെ നിയോഗിച്ചത്. ലോക്സഭയിലേക്കുള്ള കന്നി പോരാട്ടത്തില്‍ സിറ്റിംഗ് എംപി പി.കെ ബിജുവിനെയാണ് രമ്യ നേരിടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ രമ്യ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളാണ്.

Read more

നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റയായ രമ്യ കെഎസ് യു  പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.