തമിഴ്നാട് വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ; മൃതദേഹങ്ങൾ കണ്ടെടുത്തു

തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികൾ കൂട്ട ആത്മഹത്യ ചെയ്തു. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. അധ്യാപിക വഴക്കുപറഞ്ഞതിൽ മനംനൊന്താണ് പെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ആദ്യം മൂന്ന് പേരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു, എന്നാൽ വിശദമായ തിരച്ചിലിൽ നാലാമത്തെ പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നേരത്തെ നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്ന് മൂന്ന് കുട്ടികളുടെ മൃതദേഹം കരയ്‌ക്കെത്തിച്ചിരുന്നു.

രേവതി, ശങ്കരി, ദീപിക എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇന്നു പുലര്‍ച്ചെയോടെ മനീഷ എന്ന പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. എന്‍ഡിആര്‍എഫില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് മനീഷ എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പുറത്തെടുത്തത്. ചെന്നൈയില്‍ നിന്നും 88 കിലോമീറ്റര്‍ അകലെ പനപ്പക്കം ഗ്രാമത്തിലെ സ്‌കൂഴിനു സമീപമുള്ള കിണറ്റിലാണ് വിദ്യാര്‍ത്ഥിനികള്‍ ഒരുമ്മിച്ച് ചാടിയത്. വെല്ലൂരിലെ ആരക്കോണത്തിനടുത്തുള്ള പനപക്കത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. രേവതി, ശങ്കരി, ദീപിക, മനീഷ എന്നിവരാണ് കിണറ്റില്‍ ചാടിയത്.

പഠനത്തില്‍ മോശമാണെന്ന കാരണത്താൽ കഴിഞ്ഞ ദിവസം അധ്യാപിക ശകാരിച്ചിരുന്നു. തുടർന്ന് വീട്ടില്‍ നിന്നും രക്ഷാധികാരിയെ വിളിച്ചു കൊണ്ടുവരാന്‍ പറയുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കൂട്ട ആത്മഹത്യയുണ്ടായതെന്നാണ് പോലീസ് പറയുന്നത്. 65 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് നാലുപേരും ഒരുമ്മിച്ച് ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍, പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കുട്ടികളുടെ അടുത്ത് എടുക്കുന്ന സാധാരണ നടപടികള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. മാര്‍ക്കും ഹാജര്‍ നിലയും കുറഞ്ഞ 14 വിദ്യാര്‍ത്ഥികളോട് രക്ഷാധികാരിയെ വിളിച്ചുകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 11 പേരും വെള്ളിയാഴ്ച മാതാപിതാക്കളെ കൊണ്ടുവന്നിരുന്നുവെന്നും അറിയിച്ചു. ഇതില്‍ ഭയന്നാകാം കുട്ടികള്‍ കിണറ്റില്‍ ചാടിയതെന്നാണ് പ്രാഥമിക വിവരം.